പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് തിരുവോണ ദിനത്തില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ടയിലെ മല്ലപ്പള്ളി ചേർത്തോടാണ് നാടിനെ നടുക്കിയ സംഭവം.
ഹൈസ്‌കൂള്‍ ജംക്ഷന് സമീപം താമസിക്കുന്ന രഘുനാഥും ഭാര്യ സുധയുമാണ് മരിച്ചത്. സുധയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവോണദിനം നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് രാവിലെ 10 മണിയോടെയാണ്. ഏക മകൻ പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു.
ഇന്നലെ രാത്രി മുതല്‍ മകൻ ഇരുവരെയും ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്ത വന്നതോടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.
അയല്‍ക്കാരെത്തി പരിശോധിച്ചപ്പോഴാണ് സുധയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നീട് വാർഡ് മെമ്പറുടെ ഉള്‍പ്പെടെ വിവരം അറിയിച്ചു.
നാട്ടുകാരും പൊതുപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് തൊട്ടപ്പുറത്ത് രഘുനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സുധയുടെ മൃതദേഹം വീടിന് പിൻവശത്ത് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിലും രഘുനാഥ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
കീഴ് വായ്പൂർ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടോയെന്നടക്കം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.