മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (NEET) 99.99 ശതമാനം മാർക്ക് നേടിയ 19 കാരൻ അനുരാഗ് അനിൽ ബോർക്കർ ആത്മഹത്യ ചെയ്തു. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
വീട്ടിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പിൽ, എംബിബിഎസ് പഠനത്തിന് താൽപ്പര്യമില്ലെന്നും, ബിസിനസ് രംഗത്ത് കൂടുതൽ അവസരങ്ങൾ കാണുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
“ഒരു ബിസിനസുകാരന് ഡോക്ടറേക്കാൾ കൂടുതലായി സമ്പാദിക്കാൻ കഴിയും. അഞ്ച് വർഷം പഠിച്ചും തുടർന്ന് ബിരുദാനന്തര ബിരുദം നേടിയും സമയം നഷ്ടപ്പെടുത്താൻ താല്പര്യമില്ല” എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.
ഗോരഖ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) പ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം നടന്നത്. സംഭവം സമൂഹത്തിൽ വലിയ ദുഃഖവും ആശങ്കയും ഉയർത്തിയിരിക്കുകയാണ്.
