തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലുള്ള സ്കൂൾ സമയം മാറ്റാനുള്ള ആലോചന സർക്കാർ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ പ്രാബല്യത്തിലുള്ള ടൈംടേബിൾ വിദഗ്ധരുടെയും വിവിധ അധ്യാപക സംഘടനകളുടെയും അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണെന്ന് മന്ത്രി പറഞ്ഞു. "ഇത് അംഗീകരിച്ചതും വ്യാപകമായ കൺസൽട്ടേഷനുകൾക്ക് ശേഷമാണ്. അതിനാൽ അതിൽ മാറ്റം ആലോചിക്കുന്നില്ല," എന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസം തന്നെ സർക്കാരിന്റെ പ്രധാന പരിഗണനയായിരിക്കുന്നു. സംസ്ഥാനത്തെ 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. "ഒരു വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങേണ്ടതില്ല. ആവശ്യങ്ങൾക്കനുസൃതമായി അതത് വ്യക്തികൾ തന്നെ സമയക്രമം ക്രമീകരിക്കണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെ പ്രഷറിലാക്കാനുള്ള ശ്രമങ്ങൾ ശരിയല്ലെന്നും, പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിലപാടുകൾ മാറ്റാൻ പ്രേരിപ്പിക്കാനാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.