പത്തനംതിട്ട: സിപിഎമ്മിനേയും സര്‍ക്കാരിനേയും വീണ്ടും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍.
"സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന്" മന്ത്രി സജി ചെറിയാന്‍.
സംസ്ഥാനത്തെ പലയിടങ്ങളിൽ നിലകൊള്ളുന്ന സർക്കാർ മെഡിക്കൽ കോളേജുകളും ആശുപത്രികളും അപകടാവസ്ഥയിൽ തുടരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും മഹിളാ സംഘടനകളും ബിജെപിയും ആരോഗ്യ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി തലസ്ഥാന നഗരിയിലടക്കം വൻ തോതിൽ സംഘർഷവും പ്രതിഷേധ പോരാട്ടങ്ങളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശുപാര്‍ശ ചെയ്തു.
എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലില്‍. വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തത്? മന്ത്രി ചോദിച്ചു.
വീണ ജോര്‍ജിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തത്. വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചോ? ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോര്‍ജിനെ എതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ല. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
വീണ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കും. ഇപ്പോ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങള്‍.
പ്രതിപക്ഷത്തിന് വട്ടു പിടിച്ചു. അധികാരം കിട്ടാത്തതിന്റെ ഭ്രാന്ത്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്.
അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നത്, ''മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.