തിരുവനന്തപുരം: നമ്മുടെ ചിന്തകൾക്കുമപ്പുറം ക്ഷണ നേരം കൊണ്ട് ഏതൊരു പ്രവർത്തനങ്ങളെയും പൂർത്തീകരിക്കാനുള്ള എഐ മെറ്റയുടെ കഴിവ് വിവർത്തനാധീതമാണ്. ആ സാഹചര്യത്തിലാണ് മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.
ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണടയിലെ രഹസ്യ ക്യാമറ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മെറ്റാ ഗ്ലാസ് ആണെന്ന് കണ്ടെത്തിയതും സന്ദർശകനെ കസ്റ്റഡിയിലെടുത്തതും.
എന്താണ് മെറ്റാ ഗ്ലാസ്?
മെറ്റ അവതരിപ്പിച്ച റേ-ബാൻ സ്‍മാർട്ട് ഗ്ലാസുകളാണ് മെറ്റാ ഗ്ലാസ്. മെയ് മാസത്തോടെയാണ് ഇത് ഇന്ത്യൻ വിപണിയിലെത്തിയത്.
എസ്സിലോർലക്സോട്ടിക്കയുമായി സഹകരിച്ച് രൂപ കല്‍പ്പന ചെയ്ത ഈ എഐ- പവർഡ് സ്മാർട്ട് ഗ്ലാസുകള്‍ പുതുതായി പുറത്തിറക്കിയ സ്കൈപ്പർ ഫ്രെയിം ഉള്‍പ്പെടെ വിവിധ ശൈലികളില്‍ ലഭ്യമാണ്. കൂടാതെ മള്‍ട്ടി മീഡിയ സവിശേഷതകളിലേക്കും മെറ്റാ എഐ-യിലേക്കും ഹാൻഡ്‌സ്-ഫ്രീ ആക്‌സസ് നല്‍കുന്നു.
മറ്റു ഭാഷകളില്‍ സംസാരിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്നത് അടക്കമുള്ള ഞെട്ടിക്കുന്ന ഫീച്ചറുകളാണ് ഇതിലുള്ളത്. ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും.
കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകര്‍ത്താം, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ നിരവധി സവിശേഷതകളുള്ള സ്മാര്‍ട്ട് ഗ്ലാസുകളാണ് ഇന്ത്യയിലുമെത്തുന്നത്.
വിരലനക്കുക പോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് സാധിക്കും. സ്മാര്‍ട്ട് ഗ്ലാസിലുള്ള ബില്‍റ്റ്-ഇന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ് ഫ്രീയായി അവര്‍ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം.
എത്ര തിരക്കിനിടയിലും ചുറ്റുമുള്ള ശബ്ദങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സംഗീതം, പോഡ്കാസ്റ്റുകള്‍ എന്നിവ കേള്‍ക്കുവാനും ഫോണ്‍ വിളിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഫ്രെയിമുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍-ഇയര്‍ സ്പീക്കറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.
ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇവയില്‍ മള്‍ട്ടി-മൈക്രോ ഫോണ്‍ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോ ഫോണുകള്‍ ഉള്‍പ്പെട്ടതാണിത്.
ഫോട്ടോകളും വീഡിയോകളും എടുക്കുക, കോള്‍ ചെയ്യുക, സന്ദേശങ്ങള്‍ അയയ്ക്കുക, നിര്‍ദേശം നല്‍കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ വിവിധ ജോലികള്‍ 'ഹായ് മെറ്റ' വോയിസ് കമാന്‍ഡ് മാത്രം ഉപയോഗിച്ച് ചെയ്യാം. മെറ്റാ എഐയുമായി സംവദിക്കാനും ഇത്തരത്തില്‍ അനായാസം സാധിക്കും.
മറ്റു ഭാഷകളില്‍ നിന്ന് തത്സമയ വിവര്‍ത്തനം നടത്താനുള്ള കഴിവ് ഒരു പ്രധാന സവിശേഷതയാണെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാള്‍ പറയുന്നത് വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് 'Hey Meta, start live translation' എന്ന നിര്‍ദേശം നല്‍കിയാല്‍ മാത്രം മതിയാകും. അത് പിന്നീട് ഗ്ലാസിന്റെ ഫ്രെയിമില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കേള്‍ക്കാന്‍ കഴിയും.
ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കാര്യങ്ങള്‍ അതുപോലെതന്നെ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും.
മെറ്റ എഐയുടെ പിന്തുണയോടെ ധരിക്കുന്നയാള്‍ കാണുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സ്മാര്‍ട്ട് ഗ്ലാസിന് സാധിക്കും.
ഓര്‍മ്മപ്പെടുത്തലുകള്‍, ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ നിര്‍ദ്ദേശിക്കല്‍ എന്നിവ പോലുള്ള ക്രിയാത്മകമായ ജോലികളില്‍ സഹായിക്കാനും ഇതിന് കഴിയും.