ഉത്തർപ്രദേശിലെ റാംപൂരില്‍ നിന്നുള്ള 11 വയസ്സുള്ള ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ അജ്ഞാതരായ പ്രതികള്‍ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്.
കുട്ടിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ കണ്ടെത്തി.
സമീപ കാലത്തെ തന്നെ ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളിലൊന്നാണ് ഇതെന്ന് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടർ വെളിപ്പെടുത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് പൊള്ളലേറ്റതിന്റെയും കടിയേറ്റതിന്റെയും പാടുകള്‍ കണ്ടെത്തിയതായും ഡോക്ടർ പറഞ്ഞു.
നിലവില്‍ പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും അയാള്‍ക്കെതിരെ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
11 വയസ്സുകാരിയുടെ വൈദ്യപരിശോധന നടത്തിയ ഡോ. അഞ്ജു സിങ്ങിനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു – “ഒന്നോ അതിലധികമോ വ്യക്തികള്‍ ചേർന്ന് നടത്തിയ ബലാത്സംഗമാണിത്.
കാരണം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. കൂടാതെ മുഖം ഒരു മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതിനാല്‍ അത് വീർത്തിരിക്കുകയും ചെയ്തിരുന്നു.”
“പെണ്‍കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം പുരണ്ടിരുന്നു. ഞങ്ങള്‍ മെഡിക്കല്‍-ലീഗല്‍ പരിശോധന പൂർത്തിയാക്കി ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. കുട്ടി ഭയന്നുപോയിരുന്നു. ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഒന്നാണിത്,” സിംഗ് കൂട്ടിച്ചേർത്തു.
സംഭവത്തിന് ശേഷം 11 വയസ്സുള്ള കുട്ടിക്ക് “ഫിക്സ്” വരാൻ തുടങ്ങിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായി റിപ്പോർട്ടില്‍ പറയുന്നു.
കേള്‍വി - സംസാര പരിമിതിയുള്ള 11 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴടക്കിയത്. സംഭവത്തില്‍ പ്രദേശവാസിയായ ഡാൻസിങ് (24) യുവാവാണ് അറസ്റ്റിലായത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യുപി പോലീസ് വെടിവച്ചാണ് കീഴ്പ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബുധനാഴ്ച രാവിലെ സമീപത്തെ വയലില്‍ പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. തുടർന്നു സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി.
പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാൻസിങ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന് നേർക്ക് വെടിയുതിർത്തു.
തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെ പോലീസും ഡാൻ സിങും തമ്മില്‍ വെടിവയ്പ്പുണ്ടായി. വൈകാതെ മുട്ടിനു താഴെ വെടിവച്ച് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി.
കുട്ടിയെ ചികില്‍സിച്ച ഡോക്ടർമാർ പറയുന്നത് ഒന്നോ അതിലധികമോ വ്യക്തികള്‍ ചേർന്നു നടത്തിയ ബലാത്സംഗത്തിന്റെ പരുക്കുകള്‍ കുട്ടിയുടെ ദേഹത്തുണ്ട് എന്നാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ യുപി പോലീസ് അന്വേഷിച്ചു വരികയാണ്.