കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങി സൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത് ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്.
വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന്ന രീതി എളുപ്പമാകില്ല.
സ്വര്‍ണ പണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. വായ്പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.
വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച്ച നിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.
പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നടപടി ക്രമങ്ങള്‍ പുറത്തിറക്കിയേക്കും.
സ്വര്‍ണ പണയ വിപണിയില്‍ വന്‍ വളര്‍ച്ച ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണ പണയത്തിന് താൽപ്പര്യം വര്‍ദ്ധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി. നൂലാമാലകളില്ലാതെ അതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണ വായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.