കോട്ടയം: ഗാന്ധിനഗറിൽ പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി വന്ന 108 ആംബുലൻസ് ഡ്രൈവർ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാഹനം നടുറോഡില്‍ നിർത്തി ഇറങ്ങിപ്പോയി.
മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭിനവിനെ പാമ്പു കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിപ്പോയത്. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡില്‍ മോനിപ്പളളിയിലാണ് സംഭവം.
സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് വൈകിട്ട് വെളളൂരിലെ അമ്മ വീട്ടില്‍ എത്തി വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് കാലില്‍ എന്തോ കടിച്ചതായി കുട്ടി പറഞ്ഞത്. കാലില്‍ നീരും വേദനയും ഉണ്ടായതിനെത്തുടർന്ന് ഉടൻ തന്നെ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഡോക്ടർ കുത്തിവെപ്പിന് നിർദേശിച്ചെങ്കിലും കുട്ടിയ്ക്ക് ബോധക്ഷയമുണ്ടായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാൻ നിർദേശിക്കുകയായിരുന്നു.
ഉടൻ തന്നെ 108 ആംബുലൻസില്‍ അച്ഛൻ അജിക്കും അമ്മ രമ്യക്കുമൊപ്പം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
വഴി മദ്ധ്യേ മോനിപ്പള്ളിയിലെത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പറഞ്ഞ് ഡ്രൈവർ ആംബുലൻസ് നിർത്തി മറ്റൊരു ആംബുലൻസില്‍ കുട്ടിയെ കൊണ്ടു പോകണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
ഒടുവില്‍ മറ്റൊരു ആംബുലൻസിലാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. വിദഗ്ദ ചികിത്സ നല്‍കിയതിനെത്തുടർന്ന് കുട്ടി അപകടനില തരണം ചെയ്തു.
ലക്ഷണങ്ങളില്‍ നിന്നും മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. ഡ്രൈവർക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം.