മലപ്പുറം: താനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് താനൂര്‍ എസ്‌എച്ച്‌ഒ ജോണി ജെ മറ്റം.
ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികളെ മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.
ഇരുവരും തിരൂരില്‍ നിന്ന് ട്രെയിനില്‍ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് നിഗമനം.
കാണാതാകുന്നതിന് മുൻപ് എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിക്കുന്നത്.
പെണ്‍കുട്ടികളുടെ ഫോണ്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ഓണ്‍ ആയത്. വിഷയത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം പുറത്തു വന്നു.
ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയിലാണ് പെണ്‍കുട്ടികളുടെ ദൃശ്യം പതിഞ്ഞത്.
പെണ്‍കുട്ടികളുടെ ഫോണിലേക്ക് ഒരേ ഫോണ്‍ നമ്പറില്‍ നിന്ന് കോള്‍ വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ദേവദാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ പക്ഷേ സ്‌കൂളിലെത്തിയിരുന്നില്ല.
ഇന്നലെ ഉച്ചയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. അതേ സമയം മകള്‍ക്ക് പരീക്ഷ പേടിയുണ്ടായിരുന്നില്ലെന്നാണ് ഫാത്തിമ ഷഹദയുടെ മാതാപിതാക്കളുടെ പ്രതികരണം.
ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് താനൂർ പോലീസില്‍ പരാതി നല്‍കിയത്.
അതേ സമയം, പെണ്‍കുട്ടികള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇവരുടെ ബന്ധുക്കളും കോഴിക്കോടെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.