മലപ്പുറം: ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്ന മോഷ്ടാവ് പരാതിയുമായി സ്റ്റേഷനില്‍.
ബൈക്ക് മോഷണം പോയെന്ന് പരാതിയുമായി എത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തു കയറിയ 8,000 രൂപയാണ് കവർന്നത്. ബൈക്കിലെത്തിയാണ് അരുണ്‍ മോഷണം നടത്തിയത്.
പക്ഷേ, പണം കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുക്കാൻ മറന്ന് സ്ഥലം വിടുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ ക്ഷേത്ര പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് നാട്ടുകാർ പോലീസില്‍ ഏല്‍പ്പിച്ചു. ഈ ബൈക്കിന്റെ രേഖകള്‍ പോലിസ് പരിശോധിച്ചുവരുകയായിരുന്നു. അപ്പോഴാണ് അരുണ്‍ സ്റ്റേഷനിലെത്തിയത്.
തന്റെ ബൈക്ക് മോഷണം പോയെന്നും നടപടിയുണ്ടാവണമെന്നുമായിരുന്നു അരുണിന്റെ ആവശ്യം.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ തോന്നിയതോടെ പോലീസ് അകത്തു കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരായിരിക്കാം ക്ഷേത്രത്തില്‍ മോഷണം നടത്തിയതും എന്നാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്.
പക്ഷേ, തുടർച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പിടിച്ചു നില്ക്കാനായില്ല. കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.