തിരൂർ: ബി.പി. അങ്ങാടി വലിയ നേർച്ചയുടെ സമാപന ദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടർന്ന് ഗുരതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു.
തിരൂർ ഏഴൂർ സ്വദേശിയും പാചകക്കാരനുമായ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്.
നേർച്ചയ്ക്കിടെ ജാറത്തിന് മുൻപില്‍ വെച്ച് പോത്തന്നൂർ പൗരസമിതിയുടെ പെട്ടിവരവില്‍ അണി നിരന്ന പാക്കത്ത് ശ്രീകുട്ടൻ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണൻകുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂർ തെക്കുംമുറിയില്‍ പൊതു ദർശനത്തിന് വെക്കും. ശേഷം സംസ്കാരം.
പ്രേമയാണ് കൃഷ്ണൻ കുട്ടിയുടെ ഭാര്യ: മക്കള്‍: അഭിജിത്ത്, അജിത്ത്, സഹോദരങ്ങള്‍: ചക്കൻ, പരേതനായ രാജൻ, ഉണ്ണി, ചേവി, ദാസൻ, പുഷ്പ, ജയ, ദേവകി, സരോജിനി
ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് ജാറത്തിനു മുൻപില്‍ അണി നിരന്ന അഞ്ച് ആനകളിലൊന്നായ പാക്കത്ത് ശ്രീക്കുട്ടൻ ഇടഞ്ഞത്. 28 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റുത്.ഇതില്‍ പൂഴിങ്കുന്ന് കാളിയൂടെ വീട്ടില്‍ രാഹുല്‍ (33) എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാള്‍ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.
ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തില്‍ പാപ്പാനെതിരേ തിരൂർ പോലീസ് കേസെടുത്തിരുന്നു.
പരിക്കേറ്റ രാഹുല്‍
പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന മുൻപും ഉത്സവങ്ങളില്‍ അക്രമമുണ്ടാക്കിയിട്ടുണ്ട്. 2024-ല്‍ കോഴിക്കോട് കൊയിലാണ്ടിയിലും 2023-ല്‍ കുന്നംകുളത്തുമാണ് സമാനമായി അക്രമമുണ്ടാക്കിയിട്ടുള്ളത്. അന്നല്ലൊം മണിക്കൂറുകള്‍ കഴിഞ്ഞാണ് ആനയെ തളയ്ക്കാനായത്. അതേ സമയം തിരൂരില്‍ അക്രമം കാട്ടിയെങ്കിലും പെട്ടെന്നു തന്നെ ശാന്തനായി.