തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന ആളുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർക്കോണം സി എൻ ഭവനിൽ സി. ഷാജി (51) എന്നയാളുടെ കഴുത്തിലാണ് മൂർഖൻ പാമ്പ് ചുറ്റിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്
കാരിക്കോണം സെൻറ് ജോസഫ് പള്ളിക്ക് സമീപമുള്ള പറമ്പിലെ തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴായിരുന്നു പാമ്പ് കഴുത്തിൽ ചുറ്റിയത്. കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ട ഷാജി എഴുന്നേറ്റപ്പോഴാണ് മൂർഖൻ പാമ്പ് കഴുത്തിൽ ചുറ്റിയത് കാണുന്നത്
ഉടൻതന്നെ കൈകൊണ്ട് ഷാജി പാമ്പിനെ വലിച്ചെറിഞ്ഞു. പാമ്പ് സമീപത്തുണ്ടായിരുന്നവരുടെ നേർക്ക് ഇഴഞ്ഞതോടെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ പാമ്പിനെ അടിച്ചു കൊല്ലുകയായിരുന്നു