പത്തനംതിട്ട: കേരളത്തെ നടുക്കിയ പത്തനംതിട്ട പീഡനക്കേസിൽ നവ വരനടക്കം പിടിയിൽ. കായിക താരമായ 18കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ 62 പേരെ പൊലീസ് തിരിച്ചറിഞ്ഞു.
ഇതില്‍ 20 പ്രതികള്‍ അറസ്റ്റിലായി. 64 പേരുകളാണ് കുട്ടി പറഞ്ഞത്. സ്കൂളില്‍ വച്ചും കായിക ക്യാമ്പില്‍ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇതു വരെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇന്ന് അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാർഥിയും നവംബറില്‍ വിവാഹിതനായയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ടയാളും സഹോദരങ്ങളും ഉള്‍പ്പെടുന്നു.
പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ കാമുകനായ സുബിൻ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുക്കുകയും കുട്ടിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. 16 വയസ്സായ സമയത്താണ് ബലാല്‍സംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി.
പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വെക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവർ സംഘം ചേർന്ന് തോട്ടത്തില്‍ വെച്ച് കൂട്ട ബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു.
രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പൊലീസ് അഞ്ചു പേരെയും മൂന്ന് കേസെടുത്ത പത്തനംതിട്ട പൊലീസ് ഒമ്പത് പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്.
സുബിൻ (24), വി.കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഒരു കേസിലെ പ്രതികള്‍. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസില്‍ അച്ചു ആനന്ദാണ് (21) പ്രതി.
ആദ്യത്തെ കേസില്‍ അഞ്ചാം പ്രതി സുധി, പത്തനംതിട്ട പൊലീസ് നേരത്തേ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്.
പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളില്‍ ആദ്യ കേസില്‍ ഷംനാദാണ് (20) അറസ്റ്റിലായത്. അടുത്ത കേസില്‍ ആറ് പ്രതികളും പിടിയിലായി. ഇതില്‍ ഒരാള്‍ 17കാരനാണ്.
അഫ്സല്‍ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. ഇതില്‍ അഫ്സല്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനെടുത്ത രണ്ട് കേസുകളില്‍ പ്രതിയാണ്.
ഈ കേസുകളില്‍ നിലവില്‍ ജാമ്യത്തിലാണ്. ആഷിക്, അഫ്സല്‍ പ്രതിയായ ഒരു കേസില്‍ കൂട്ടു പ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോള്‍. മറ്റൊരു കേസില്‍ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ 2022ല്‍ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളില്‍ 2014ലെ രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു.