കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള ഒമ്പതു പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് ഞായറാഴ്ച വൈകിട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു വന്നത്. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റം. മുദ്രാവാക്യം വിളിച്ചാണ് പ്രതികളെ ജയിലിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളെ വരവേറ്റത്.
പ്രതികളെ എത്തിക്കുന്നതിന് പത്തു മിനിറ്റ് മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗം കൂടിയായ പി.ജയരാജന്‍ ജയിലിന് മുന്നിലെത്തിയത്. പ്രതികളെ നേരിട്ടു കണ്ട പി ജയരാജന്‍ തന്റെ പുസ്തകം സമ്മാനിച്ചു. കോടതി വിധി അന്തിമമല്ലെന്നും കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പി ജയരാജന്‍ ഉന്നയിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ധാര്‍മിക ബോധം കാശിക്ക് പോയോ എന്ന് ജയരാജന്‍ ചോദിച്ചു. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണയെന്നും ജയരാജന്‍ ചോദിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലുപ്രതികളെ അഞ്ചു വര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ. പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്.
എ. പീതാംബരന്‍, സജി. സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍.ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍. ഇവര്‍ക്ക് പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ.സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.
കേസില്‍ ഇനി ഏതു രീതിയില്‍ മുന്നോട്ടു പോകണമെന്നതില്‍ കോണ്‍ഗ്രസും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും തീരുമാനമെടുത്തിട്ടില്ല. ഗൂഢാലോചനയും സിപിഎമ്മിന്റെ ഇടപെടലും വേണ്ട പോലെ കണ്ടെത്തിയിട്ടില്ലെന്ന പരാതി കുടുംബത്തിനുണ്ട്. എന്നാല്‍, കൊലക്കുറ്റം ചുമത്തിയ പ്രതികളുടെ ശിക്ഷയില്‍ വലിയ പരാതികളില്ല.
വിട്ടയച്ച 10 പേര്‍, 5 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട 4 പേര്‍, കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പു കൊലവിളി പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.പി.പി.മുസ്തഫ എന്നിവര്‍ക്കെതിരെ തുടരന്വേഷണം ആവശ്യപ്പെടാനാണ് ആലോചിക്കുന്നത്. അന്വേഷണ ഏജന്‍സിയായ സിബിഐ അപ്പീല്‍ നല്‍കുമോ എന്നു വ്യക്തമല്ല.
പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നാല് നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കി ജയിലിനു പുറത്തിറക്കാനാണു സിപിഎമ്മിന്റെ ആദ്യനീക്കം. കൊലക്കുറ്റമടക്കം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 10 പ്രതികള്‍ക്ക് ഇളവു നേടിയെടുക്കുക എളുപ്പമല്ലെന്നാണു പാര്‍ട്ടിക്കു ലഭിച്ച നിയമോപദേശം.
എന്നാല്‍, 5 വര്‍ഷം തടവുശിക്ഷ ലഭിച്ച മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, നേതാക്കളായ രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍ എന്നിവര്‍ക്കു ഹൈക്കോടതിയില്‍ നിന്ന് ഇളവു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുക. സ്റ്റേ കിട്ടിയാല്‍ മാത്രമേ ജാമ്യം നേടി പുറത്തിറങ്ങാന്‍ പറ്റൂ.
അതേ സമയം ജയിലില്‍ പോകുന്നതിനു തൊട്ടു മുന്‍പ് കെ.വി.കുഞ്ഞിരാമന്‍ അണികള്‍ക്ക് അയച്ച ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 'ഇനി ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ പറ്റില്ല. ഫോണ്‍ കൈമാറുകയാണ്. ആത്മ വിശ്വാസം കൈവിടാതിരിക്കുക. രാഷ്ട്രീയ പ്രവര്‍ത്തനം പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കകം പുറത്തുവരാമെന്നാണു പ്രതീക്ഷിക്കുന്നത്' എന്നാണു സന്ദേശം.