വാഹനാപകടത്തെത്തുടര്‍ന്ന് തര്‍ക്കം, അടിയേറ്റ് റോഡില്‍ വീണയാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു

 


കൊച്ചി: വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്.

പുതുവർഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തു വെച്ചാണ് ഷിബു എന്നയാള്‍ ഹനീഫയെ മർദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

ഡിസംബർ 31-ന് രാത്രി 11.45-ഓടെയാണ് സംഭവമുണ്ടായത്. കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിർത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. 

ഇതേത്തുടർന്ന് ഷിബു ഹനീഫയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീണത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

നിർത്തിയിട്ട കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിക്കുന്നതും തുടർന്ന് തർക്കമുണ്ടാകുന്നതും അടിയേറ്റ് ഹനീഫ വീഴുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

അതേ സമയം, ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ