ന്യൂഡൽഹി: ആകാശനിരീക്ഷകർക്ക് വിസ്മയക്കാഴ്ചയൊരുക്കി ഈ വർഷത്തെ ഏറ്റവും വലിയ 'സൂപ്പർമൂൺ' ഇന്ന് (നവംബർ 24) രാത്രി ദൃശ്യമാകും. രാത്രി 8:23-ഓടെയാണ് ഈ അപൂർവ്വ ആകാശവിസ്മയം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുക. നവംബറിൽ കാണപ്പെടുന്ന ഈ പൂർണ്ണചന്ദ്രൻ 'ബീവർ മൂൺ' (Beaver Moon) എന്നും അറിയപ്പെടുന്നു.
ഭൂമിയെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ബിന്ദുവായ 'പെരിജി'യിൽ (Perigee) പൂർണ്ണചന്ദ്രൻ എത്തുമ്പോഴാണ് സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകുന്നത്. സാധാരണ പൂർണ്ണചന്ദ്രനേക്കാൾ 14 ശതമാനം വലുപ്പത്തിലും 30 ശതമാനം കൂടുതൽ തിളക്കത്തിലുമായിരിക്കും ഇന്ന് ചന്ദ്രനെ കാണാൻ സാധിക്കുക.
നവംബറിലെ ഈ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് ഏകദേശം 3,57,000 കിലോമീറ്റർ അടുത്തായിരിക്കും സ്ഥിതി ചെയ്യുക. സാധാരണ പൂർണ്ണചന്ദ്രനേക്കാൾ ഏകദേശം 17,000 മൈൽ അടുത്താണിതെന്ന് ബഹിരാകാശ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാസയുടെ 2026 നവംബറിലെ 'സ്കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം ലിയോണിഡ്, ടോറിഡ് ഉൽക്കാവർഷങ്ങൾക്ക് പിന്നാലെ ഈ മാസത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശവിസ്മയമാണ് ഇന്നത്തെ സൂപ്പർമൂൺ.
24
