തിരുവനന്തപുരം: ബാങ്കുകളിലെയും അക്ഷയ കേന്ദ്രങ്ങളിലെയും വിവിധ സേവനങ്ങൾ ഇനി റേഷൻകടകളിലും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സിവിൽ സപ്ലൈസ് വകുപ്പിന്റെ ‘സ്മാർട്ട് റേഷൻ ഷോപ്പ്’ പദ്ധതി അടുത്ത സാമ്പത്തിക വർഷം നടപ്പാക്കാനാണ് തീരുമാനം. റേഷൻകടകളെ വിവിധോദ്ദേശ്യ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ദേശസാത്കൃത ബാങ്കുകളുടെ 20 ശതമാനം സേവനങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കും. പണം പിൻവലിക്കൽ, നിക്ഷേപം, ചെക്ക് നൽകൽ, അക്കൗണ്ട് വിവരങ്ങൾ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനാവശ്യമായ മെഷീനുകൾ ബാങ്കുകൾ തന്നെ റേഷൻകടകളിൽ സ്ഥാപിക്കും. മെഷീനുകളുടെ വാടകയും സേവനങ്ങൾ നൽകുന്നതിനുള്ള വേതനവും റേഷൻകട ലൈസൻസികൾക്ക് ബാങ്കുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് അധികൃതർ ബാങ്ക് പ്രതിനിധികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന വിവിധ ഓൺലൈൻ സേവനങ്ങളും റേഷൻകടകളിൽ ഒരുക്കും. ഇതിനായി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും, സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ കടയുടമകൾക്ക് അനുമതി നൽകുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ 'സ്മാർട്ട് പി.ഡി.എസ്' പദ്ധതി ഏപ്രിലിൽ നടപ്പാക്കുന്നതോടെ റേഷൻ സേവനങ്ങൾ എംപാനൽ ചെയ്ത മറ്റ് കടകളിലും ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. ഇതിലൂടെ റേഷൻ വ്യാപാരികളുടെ വരുമാനം കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ പുതിയ ബദൽ പദ്ധതി തയ്യാറാക്കുന്നത്.
സ്മാർട്ട് റേഷൻ ഷോപ്പ് പദ്ധതിയുടെ ഭാഗമായി റേഷൻകട ലൈസൻസികൾക്ക് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കാനാണ് ആലോചന. അധിക സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നിലവാരം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങൾ നൽകുന്നതിനായി ലൈസൻസികൾക്ക് പ്രത്യേക പരിശീലനവും നൽകും. അതേസമയം, സംസ്ഥാനത്തെ മിക്ക റേഷൻകടകൾക്കും അധിക ഉപകരണങ്ങൾ സ്ഥാപിക്കാനും പുതിയ സേവനങ്ങൾ ഒരുക്കാനും ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതും ലൈസൻസികളുടെ വിദ്യാഭ്യാസ യോഗ്യതയും പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന വെല്ലുവിളികളായാണ് വിലയിരുത്തപ്പെടുന്നത്.
