പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തിയതോടെ തമിഴ്നാട്ടിലെ നാമക്കൽ മേഖലയിൽ ആറ് കോടി മുട്ടകൾ കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നു. വിദേശ കയറ്റുമതി നിലച്ചതോടെ ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ മുട്ടകൾ എത്തുമെന്നും ഇത് കേരളത്തിൽ മുട്ട വില കുത്തനെ ഇടിയാൻ കാരണമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ഈ മേഖലകളിൽ നിന്നായി പ്രതിദിനം പത്ത് കോടിയോളം മുട്ടകളാണ് ഉൽപാദിപ്പിക്കുന്നത്. ഇവ പ്രധാനമായും തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികൾക്കും വിദേശ കയറ്റുമതിക്കുമാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ഇറാൻ, തായ്ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും മുട്ട കയറ്റുമതി ചെയ്യുന്നത്. ഇതിന് പുറമെ കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കും നാമക്കല്ലിൽ നിന്നാണ് മുട്ട എത്തിക്കുന്നത്. ഒമാന്റെ വിലക്ക് തുടർന്നാൽ കേരളത്തിലേക്ക് കൂടുതൽ മുട്ടകൾ എത്തുകയും വിലയിൽ വലിയ കുറവുണ്ടാവുകയും ചെയ്യും.
