തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2022ൽ അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലാണ് കേസ്. അപ്പീൽ നൽകുന്നതിനായി കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയും ശ്രീജിത്തിന് ജാമ്യം നൽകുകയും ചെയ്തു.
കറുത്ത കാറിലെത്തിയ ആളാണെന്ന് കുട്ടികൾ മൊഴി നൽകിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങളും കാറിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി പിടിയിലായത്. തുടർന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.
