Zygo-Ad

‘വേഗത്തിൽ റിസൾട്ട്, എന്നാൽ ഉള്ളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ’; മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച യുവാവിനും വൃക്കരോഗ


മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 18-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ, സമാനമായ ക്രീം ഉപയോഗിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട മറ്റൊരു യുവാവിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. മലപ്പുറം സ്വദേശിയായ യുവാവിന് 18 വയസ്സുള്ളപ്പോഴാണ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കകളെ ബാധിക്കുകയും ഒന്നര വർഷത്തോളം ചികിത്സ തേടേണ്ടി വരികയും ചെയ്തത്. താൻ ഉപയോഗിച്ച അതേ ക്രീമാണ് ഇപ്പോൾ പേര് മാറ്റി 'ഫേസ് ട്യൂൺ' (Face Tune) എന്ന പേരിൽ വിപണിയിൽ എത്തുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നു.

2021-ലാണ് യുവാവ് ഈ ക്രീം ഉപയോഗിക്കാൻ തുടങ്ങിയത്. മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങൾ വന്നപ്പോൾ അയൽവാസിയുടെ നിർദ്ദേശപ്രകാരമാണ് ക്രീം വാങ്ങിയത്. ഉപയോഗിച്ച് തുടങ്ങിയപ്പോൾ വേഗത്തിൽ മികച്ച ഫലം ലഭിച്ചതിനാൽ മൂന്നോ നാലോ ബോട്ടിലുകൾ തുടർച്ചയായി ഉപയോഗിച്ചു. എന്നാൽ മൂന്ന് മാസം കഴിഞ്ഞതോടെ കടുത്ത ക്ഷീണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന് മലപ്പുറത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഒന്നര വർഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആരോഗ്യം വീണ്ടെടുത്തത്. പുറമെ മുഖത്തെ പ്രശ്നങ്ങൾ മാറുമ്പോൾ ശരീരത്തിനുള്ളിൽ ഗുരുതരമായ രോഗങ്ങളാണ് ഉണ്ടാകുന്നതെന്ന് യുവാവ് മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ, മലപ്പുറത്ത് 18-കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ 'എഫ് ട്യൂൺ' ഫെയർനെസ് ക്രീമിന്റെ ഉറവിടം കാസർഗോഡ് നിന്നാണെന്ന സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ കസ്റ്റമർ കെയർ മൊബൈൽ നമ്പർ പ്രവർത്തിക്കുന്നത് കാസർഗോഡ് കേന്ദ്രീകരിച്ചാണെന്നും, ഈ നമ്പർ കാസർഗോഡ് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണെന്നും അന്വേഷണത്തിൽ വ്യക്തമായി. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് തന്നെ പോലീസ് നോട്ടീസ് നൽകും.

സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഉടൻ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ സംഘം ചികിത്സ നൽകിയ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. വ്യാജ ക്രീമിന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നൽകിയ വ്‌ലോഗർമാരെയും പോലീസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ