Zygo-Ad

മാവൂരിൽ വൻ ചീമുട്ട വേട്ട; ശീതീകരിച്ച മുറികളിൽ സൂക്ഷിച്ച 16,000-ത്തോളം കേടായ മുട്ടകൾ പിടികൂടി


മാവൂർ (കോഴിക്കോട്): മാവൂരിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ, പൊട്ടി പുഴുവരിച്ച നിലയിൽ വൻതോതിൽ കോഴിമുട്ടകൾ പിടികൂടി. മാവൂർ ഫയർ സ്റ്റേഷന് സമീപമുള്ള പഴയ കെട്ടിടത്തിലെ രണ്ട് കടമുറികളിൽ പ്രവർത്തിക്കുന്ന വിതരണ കേന്ദ്രത്തിലാണ് പരിശോധന നടന്നത്. ശീതീകരിച്ച മുറികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്ന ഏകദേശം പതിനാറായിരത്തോളം കേടായ മുട്ടകളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബേക്കറികളിലേക്കും മറ്റ് ഭക്ഷ്യനിർമ്മാണ ശാലകളിലേക്കും വിതരണം ചെയ്യാനായാണ് ഇവ ശീതീകരിച്ച് സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ചീമുട്ടകൾ നശിപ്പിക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന മുട്ടകളിൽ കേടായവ വേർതിരിച്ച് തിരികെ അയക്കുന്നതിനായി മാറ്റിവെച്ചതാണെന്നാണ് സ്ഥാപന ഉടമ റഫീക്കിന്റെ വിശദീകരണം. പുറത്തുവെച്ചാൽ രൂക്ഷമായ ദുർഗന്ധം ഉണ്ടാകുമെന്നതിനാലാണ് ഇവ ശീതീകരിച്ച മുറിയിലേക്ക് മാറ്റിയതെന്നും ഉടമ അവകാശപ്പെട്ടു.



വളരെ പുതിയ വളരെ പഴയ