എറണാകുളം: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ്സിൽ താഴെയുള്ളയാൾ മദ്യം കഴിച്ചതിനാണ് അബ്കാരി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകട കേസിൽ ജാമ്യത്തിലിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴായിരുന്നു നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്ല് ഇയാൾക്ക് വന്നിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ ബാറിലെ സി.സി.ടി.വി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ തെളിവായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് 36 ദിവസത്തെ തടവിന് ശേഷം ജാമ്യത്തിലിറങ്ങിയ സുഹൈൽ, പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് എക്സൈസിന് മുന്നിൽ ഹാജരായത്.
അപകട കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് സുഹൈൽ ജാമ്യം നേടിയത്. 10 ദിവസത്തിന് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന കോടതി വ്യവസ്ഥയെ തുടർന്നാണ് ഇയാൾ പിന്നീട് പുറത്തിറങ്ങിയത്.
ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഒന്നാം പ്രതിയായ സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് മൂന്ന് പേരാണ് മരിച്ചത്. സുഹൈലിനെതിരെ നരഹത്യാ കുറ്റവും, ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
