‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം


ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്.

ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടു വരുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകൾ ഏറെയാണ്. ആ കടമ്പകൾ ഇല്ലാതാക്കുകയാണു കേന്ദ്ര സർക്കാർ ബിഎച്ച് (BH) വാഹന രജിസ്ട്രേഷനിലൂടെ. എന്താണ് ബിഎച്ച് രജിസ്ട്രേഷൻ, പഴയ വാഹനങ്ങളും ബിഎച്ച് സീരിസിലേക്ക് മാറ്റാൻ കഴിയുമോ ഇതേക്കുറിച്ചൊക്കെയുള്ള കാര്യങ്ങൾ വായിക്കാം.

എന്താണ് ബിഎച്ച് അഥവാ ഭാരത് രജിസ്ട്രേഷൻ?

വാഹന ലോകത്തെ ചര്‍ച്ചാ വിഷയമാണ് ഭാരത് സീരീസ്. രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.

എന്തിനാണ് വാഹന രജിസ്ട്രേഷനിൽ ബിഎച്ച് സംവിധാനം?

വാഹന രജിസ്ട്രേഷനിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഭാരത് സീരീസ് എന്ന ഏകീകൃത സംവിധാനം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ വാഹന രജിസ്ട്രേഷൻ ഒഴിവാക്കാനാണ് പുതിയ സംവിധാനം.

ആദ്യം പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങൾക്കും ബിഎച്ച് സീരീസിൽ രജിസ്റ്റർ ചെയ്യാം.

ഇപ്പോഴത്തെ വാഹന രജിസ്റ്റർ നിയമം എങ്ങനെ?

നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനം കേരളത്തിൽ 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കണമെങ്കിൽ വാഹനം ഇവിടത്തേക്ക് മാറ്റി രജിസ്റ്റർ ചെയ്യണം.

ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കു വാഹനം മാറ്റി രജിസ്റ്റർ ചെയ്യാൻ പല കടമ്പകളുണ്ട്. ഏത് സംസ്ഥാനത്താണ് വാഹനം രജിസ്റ്റർ ചെയ്തത് അവിടെനിന്നുള്ള എൻഒസി സർട്ടിഫിക്കറ്റ് വേണം. മാറുന്ന സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ അവശേഷിക്കുന്ന കാലാവധിയുടെ നികുതി അവിടെ അടയ്ക്കണം. ആദ്യം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്നു അടച്ച നികുതിയിൽ അവശേഷിക്കുന്ന കാലം കണക്കാക്കി തുക റീഫണ്ട് ലഭിക്കും. അതിനായി ആ സംസ്ഥാനത്തു അപേക്ഷ നൽകണം.


ഭാരത് രജിസ്ട്രേഷൻ ( ബിഎച്ച് ) വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ

ബിഎച്ച് സംവിധാനത്തിൽ മാറുന്ന സംസ്ഥാനങ്ങളിലേക്കുള്ള രജിസ്ട്രേഷൻ എന്നത് ഒഴിവാക്കാം. ഇന്ത്യയിലൊട്ടാകെ ഒരു രജിസ്ട്രേഷനാണ് വാഹനത്തിന് ലഭിക്കുക. ഏത് സംസ്ഥാനത്തും ഭാരത് സീരീസിലൂടെ രജിസ്റ്റർ ചെയ്ത വാഹനം എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം. 

ഇതിലൂടെ 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പരിമിതി ഒഴിവാക്കാം. വാഹന നികുതി 15 വർഷത്തിൽനിന്നു രണ്ടു വർഷമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട് ഭാരത് സീരീസ്.


ഭാരത് സീരീസ് രജിസ്ട്രേഷൻ നമ്പർ

ഇപ്പോളുള്ള രീതിയിൽ നിന്നു മാറി ബിഎച്ച് സീരിസിലെ വാഹന രജിസ്ട്രേഷൻ നമ്പർ വ്യത്യസ്തമാണ്. വാഹനം വാങ്ങിയ വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങൾ, ബിഎച്ച് അക്ഷരങ്ങൾ, നാല് അക്കങ്ങൾ, അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിങ്ങനെയാകും രജിസ്ട്രേഷൻ നമ്പർ. ഉദാഹരണത്തിന് “22 BH XXXX AA” എന്നിങ്ങനെയാണ് നമ്പർ ലഭിക്കുക. നിലവിൽ ബിഎച്ചിന് പകരം വാഹനം രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തിന്റെ ചുരുക്കപ്പേരാണ് രജിസ്ട്രേഷനിൽ നൽകുന്നത്.


ബിഎച്ച് രജിസ്ട്രേഷൻ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുമോ?

ബിഎച്ച് രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകാശം രജിസ്ട്രേഷന് അർഹതയുള്ളവരോ അല്ലാത്തവരോ ആയ മറ്റു വ്യക്തികൾക്ക് കൈമാറാൻ കേന്ദ്രം സൗകര്യമൊരുക്കിയിട്ടുണ്ട്. ബിഎച്ച് രജിസ്ട്രേഷന് അർഹതയുള്ള വ്യക്തികൾക്ക് നികുതി അടച്ച് സാധാരണ രജിസ്ട്രേഷൻ വാഹനങ്ങളും ബിഎച്ചിലേക്ക് മാറ്റാൻ സാധിക്കും.

വാഹനം രജിസ്റ്റർ ചെയ്ത സ്ഥലത്ത് ഫോം 27( A) അപേക്ഷ നൽകി വാഹനങ്ങളെ ബിഎച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാൻ സാധിക്കും. ബിഎച്ച് രജിസ്ട്രഷനിലെ ദുരുപയോഗം തടയാൻ സ്വകാര്യ മേഖലയിലെ ജീവനക്കാർ വർക്കിങ് സർട്ടിഫിക്കറ്റ് ഹാജരാകണം. 

ഔദ്യോഗിക തിരിച്ചറിയൽ കാർഡിന് പുറമേ, സേവന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സർക്കാർ ജീവനക്കാർക്ക് ബിഎച്ച് രജിസ്ട്രേഷൻ ലഭിക്കും.

ഉപഭോക്താക്കളുടെ നികുതിയിൽ വരുന്ന മാറ്റങ്ങൾ?

ബിഎച്ച് രജിസ്‌ട്രേഷനില്‍ രണ്ടു വര്‍ഷ തവണകളായിയാണ് നികുതി. ജിഎസ്ടി ചുമത്താതെയുള്ള വാഹന വിലയാണ് നികുതിക്കായി കണക്കാക്കുന്നത്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. അതിനാൽ ഓരോ സംസ്ഥാനത്തിന്റെയും നികുതി ഘടന വ്യത്യസ്തമാണ്.

വാഹന വിലയുടെ എട്ടു മുതല്‍ 12 ശതമാനം വരെ നികുതിയാണ് പുതിയ സംവിധാനത്തില്‍ നിലവിൽ ഈടാക്കുന്നത്. എന്നാൽ, ഇത് രണ്ട് വർഷം കൂടുമ്പോൾ അടയ്ക്കേണ്ടി വരും. വരും വർഷങ്ങളിൽ ഈ നികുതി ഇതുപോലെ നിൽക്കുമോ വർദ്ധിപ്പിക്കുമോ എന്നൊന്നും വ്യക്തമല്ല. നിലവിലെ സംവിധാനത്തിൽ നികുതി അടയ്ക്കുന്നത് 15 വർഷത്തേക്കാണ്.

ഇതു കൊണ്ട് ഒന്നിച്ച് ഒരു തുക അടയ്ക്കേണ്ടി വരും എന്നാൽ തുടർ വർഷങ്ങളിൽ വരുന്ന നികുതി നിരക്കിലെ വർധനവ് നേരത്തെ വാഹനം വാങ്ങിയവർക്ക് ബാധകമാകില്ല.

 റീ രജിസ്ട്രേഷൻ സമയത്താണ് നികുതി വീണ്ടും അടയ്ക്കേണ്ടി വരുന്നത്. സംസ്ഥാനം മാറി രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ ആദ്യം രജിസ്റ്റർ സംസ്ഥാനത്ത് നിന്നും അവശേഷിക്കുന്ന വർഷങ്ങളുടെ നികുതി റീഫണ്ട് ചെയ്തു കിട്ടും.

പഴയ വാഹനങ്ങൾ ബിഎച്ചിലേക്ക് മാറ്റുന്നതെങ്ങനെ?

ബിഎച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് പഴയ വാഹനങ്ങള്‍ ബി.എച്ചിലേക്ക് മാറ്റാനാകും. താമസ സ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍, സ്വകാര്യ ജീവനക്കാർ തുടങ്ങി ബിഎച്ച് രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം.

സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാല്‍ ബിഎച്ച് സീരീസിലേയ്ക്ക് മാറ്റാം. തൊഴിലിടത്തിന്റെയോ താമസ സ്ഥലത്തിന്റെയോ വിലാസത്തില്‍ ബിഎച്ച് സീരീസിനായി അപേക്ഷിക്കാം.

വളരെ പുതിയ വളരെ പഴയ