നെടുമങ്ങാട്: ടിപ്പർ ലോറി ഡ്രൈവറെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് കുത്തിക്കൊന്നു.
കരകുളം ഏണിക്കര നെടുമ്പാറ തടത്തരികത്ത് വീട്ടില്‍ എസ്.സാജൻ(31)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സാജന്റെ സുഹൃത്തും പരിസര വാസിയും ടിപ്പർ ഡ്രൈവറുമായ നെടുമ്പാറ ശ്രീജ ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരി വിള വീട്ടില്‍ മഹേഷ് (31), ഏണിക്കര നെടുമ്പാറ ശ്രീജ ഭവനില്‍ രതീഷ് (34) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഒന്നാം പ്രതി ജിതിന്റെ സഹോദരി ശ്രീജയുടെ ഭർത്താവാണ് രതീഷ്. ജിതിനാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തില്‍ കുത്തേറ്റ് കുടല്‍മാല പുറത്ത് ചാടി 50 മീറ്ററോളം ഓടിയ സാജൻ ഇട വഴിയില്‍ കുഴഞ്ഞു വീണു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ പ്രതികള്‍ റോഡ് സൈഡില്‍ പാർക്ക് ചെയ്തിരുന്ന കാറില്‍ രക്ഷപ്പെട്ടു.
അടുത്ത വീട്ടുകാർ സാജനെ ഓട്ടോയില്‍ കരകുളത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ 4ഓടെ മരിച്ചു. മരിച്ച സാജനും ജിതിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ജിതിന്റെ ഭാര്യയുടെ സ്വർണം സാജന് പണയം വയ്ക്കാൻ കൊടുത്തിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം മണക്കാട് പരുത്തിക്കുഴിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു കഴിഞ്ഞ പ്രതികളെ നെടുമങ്ങാട് ഡിവൈ.എസ്.പി അരുണ്‍.കെ.എസിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ പുലർച്ചെയോടെ പൊലീസ് സംഘം പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാറും പിടികൂടി.
വലിയമല സി.ഐ പ്രമോദ് കൃഷ്ണൻ,നെടുമങ്ങാട് എസ്.ഐമാരായ ഓസ്റ്റിൻ ഡെന്നിസണ്‍, സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും കഴിഞ്ഞ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു. ഭാര്യ : ശില്പ.അഞ്ചു വയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്.