കണ്ണൂർ: ഏറെ പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശിവ ശില്പം പൂർത്തിയായി. ശില്പി ഉണ്ണി കാനായിയാണ് ശില്പം ഒരുക്കിയത്.
തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജനാണ് ശിവന്റെ പൂർണ്ണമായ വെങ്കലശില്പം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. പയ്യന്നൂർ കാനായിലെ ശില്‍പ്പിയുടെ പണിപ്പുരയിലാണ് ശില്‍പം ഒരുക്കിയത്.
ഏകദേശം നാല് വർഷത്തോളം സമയമെടുത്ത് 14 അടി ഉയരത്തില്‍ നിർമ്മിച്ച ശില്പം ആദ്യം കളിമണ്ണില്‍ നിർമ്മിച്ച് പ്ലാസ്റ്റർ ഓഫ് പാരീസില്‍ മോള്‍5 എടുത്ത് മെഴുകിലേക്ക് രൂപമാറ്റം ചെയ്ത് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയാണ് ചെയ്തത് വെങ്കലത്തിലും എസ് എസ് 3 നോട്ട് 4 സ്റ്റീലിലും നിർമ്മിച്ച ശില്‍പ്പത്തിന് 4000 കിലോ തൂക്കം വരും. കോണ്‍ക്രീറ്റില്‍ ഉയരം കൂടിയ ശിവ ശില്പങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ തന്നെ വെങ്കലത്തില്‍ നിർമ്മിച്ച ഏറ്റവും വലിയ ശിവ ശില്പമാണ് തളിപ്പറമ്പില്‍ ഒരുങ്ങുന്നത്.
രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ആല്‍മരത്തിന്റെ ചുവട്ടിലാണ് ശിവന്റെ ശില്പം സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം ആർക്കിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യ തൃശ്ശൂർ സർക്കിളിന്റെ സൂപ്രണ്ട് രാമകൃഷ്ണ റെഡിയുടെ നേതൃത്വത്തില്‍ ടി ടി കെ ദേവസ്വം പ്രസിഡണ്ട് വിനോദ് കുമാർ ടി പി, മൊട്ടമ്മല്‍ രാജൻ എന്നിവർ തളിപ്പറമ്പ് ക്ഷേത്രത്തിനു മുന്നിലെ ശില്പം സ്ഥാപിക്കുന്ന സ്ഥലവും ശില്പിയുടെ പണിപ്പുരയിലെ ശിവ ശില്പവും സന്ദർശിച്ചിരുന്നു.
രണ്ടു മാസത്തിനുള്ളില്‍ ശില്പം അനാച്ഛാദനം ചെയ്യും. ഉണ്ണിയുടെ ശില്പ നിർമ്മാണ സഹായികളായി സുരേഷ് അമ്മാനപ്പാറ, കെ. വിനേഷ്, ബാലൻ പാച്ചേനി, ബൈജു കോറോം, കെ.സുരേഷ്, എം വി ശ്രീകുമാർ എന്നിവരും ഉണ്ടായിരുന്നു. ശിവൻ്റെ കൂറ്റൻശില്‍പ്പം അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജരാജേശ്വര സന്നിധിയിലേക്ക് വരുമെന്നാണ് വിവരം. ശിവരാത്രിക്ക് മുൻ പേ ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവർ. സമർപ്പണത്തിന് ശേഷം മാത്രമേ പൊതു ജനങ്ങള്‍ക്ക് കാണാൻ കഴിയൂ.
പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ തല്‍സ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആർക്കിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ തൃശ്ശൂർ സർക്കിള്‍ മേധാവികള്‍ ക്ഷേത്രം സന്ദർശിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ, മൊട്ടമ്മല്‍ രാജൻ, ശില്പി ഉണ്ണി കാനായി തുടങ്ങിയവരുമായി ആർക്കിയോളജിക്കല്‍ ടീം വിശദമായ ചർച്ച നടത്തിയിട്ടുണ്ട്.