അക്കൗണ്ടില്‍ വന്ന തുക കണ്ട് ആരും എടുത്തു ചാടരുത്; പുതിയ യു.പി.ഐ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ: പോലീസ് മുന്നറിയിപ്പ്

 


ഉപഭോക്താക്കളുടെ പണം തട്ടുന്നതിന് സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും പുതിയ കെണികളുമായി എത്തുകയാണ്. ഇപ്പോള്‍ യുപിഐയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിച്ചാണ് തട്ടിപ്പ്. ഇതില്‍ വീഴരുതെന്നും അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയതായുള്ള നോട്ടിഫിക്കേഷനാണ് പിന്നീട് വരിക. എവിടെ നിന്നാണ് പണം ക്രെഡിറ്റ് ആയത് എന്ന് അറിയാന്‍ ഉപഭോക്താവ് യുപിഐ പേയ്‌മെന്റ് ആപ്പ് പരിശോധിക്കും. പണം അക്കൗണ്ടില്‍ വന്ന കാര്യം ഉപഭോക്താവിന്റെ ശ്രദ്ധയില്‍പ്പെട്ടു എന്ന് അറിയുന്നതോടെയാണ് സൈബര്‍ ക്രിമിനലുകള്‍ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

ഉടന്‍ തന്നെ സൈബര്‍ തട്ടിപ്പുകാര്‍ ‘Collect Money request' അയക്കും. വാലിഡേഷനായി ഉപഭോക്താവ് യുപിഐ പിന്‍ നല്‍കുന്നതോടെയാണ് തട്ടിപ്പില്‍ വീഴുന്നത്. ഈ വാലിഡേഷന്‍ ഒരു തട്ടിപ്പാണ്. യഥാര്‍ഥത്തില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം ഡെബിറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ വാലിഡേഷന്‍ തട്ടിപ്പ്.

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതികള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് പൊലീസ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് അപ്രതീക്ഷിത യുപിഐ പേയ്മെന്റുകള്‍ ലഭിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടു മാര്‍ഗങ്ങള്‍

1. ഇത്തരത്തില്‍ ഒരു ക്രെഡിറ്റ് അറിയിപ്പ് ലഭിക്കുകയാണെങ്കില്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് മുമ്പ് 15-30 മിനിറ്റ് കാത്തിരിക്കുക. ഈ കാല താമസം വഞ്ചനാപരമായ പിന്‍വലിക്കല്‍ അഭ്യര്‍ത്ഥനകളുടെ സമയം തീരാന്‍ സഹായിക്കും. പിന്‍ നമ്പര്‍ നല്‍കുന്നത് ഉപയോഗ ശൂന്യമാക്കാനും ഇതു വഴി സാധിക്കും.

2. അര മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് സാധ്യമല്ലെങ്കില്‍, മനഃപൂര്‍വ്വം തെറ്റായ പിന്‍ നല്‍കുക. പെന്‍ഡിങ് ആയി കിടക്കുന്ന ഇടപാട് റിക്വസ്റ്റുകളെ ഈ പ്രവര്‍ത്തനം ഫലപ്രദമായി നിരസിക്കും.

വളരെ പുതിയ വളരെ പഴയ