കണ്ണൂർ: എറണാകുളം-വടകര ട്രെയിൻ യാത്രക്കിടെ ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ചെറിയ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജനുവരി ഒന്നിനായിരുന്നു സംഭവം. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.
ഇൻറർസിറ്റി എക്സ്പ്രസില്‍ വലിയ തിരക്കു കാരണം ഡോറിനടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയതു കാരണം വിനായക് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഒന്നും തിരിച്ചറിയാൻ കഴിയാതെ കണ്ണു തുറന്നു നോക്കുമ്പോള്‍ ട്രെയിൻ കുതിച്ചു പായുന്നതാണ് കണ്ടത്.
എന്തോ വീണതായി യാത്രക്കാർ പറയുന്നതു കേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിനായക് ഫോണില്‍ സംഭവം പറഞ്ഞത്.
ഫോണ്‍ നഷ്ടപ്പെടാതെ കൈവശമുണ്ടായിരുന്നു. കൈകാട്ടി നിർത്തിയ ബൈക്ക് യാത്രക്കാരനായ ഒരു യുവാവിനോട് സംഭവം പറഞ്ഞപ്പോള്‍ അവർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പുറം ഭാഗത്തും തലയ്ക്കും പരിക്കേറ്റ വിനായകിനെ നാട്ടിലെത്തിച്ച്, മാഹി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
ചോമ്പാല അന്നപൂർണേശ്വരി ശ്രീ ഭദ്ര വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്റെയും ബിനിയുടെയും ഏക മകനാണ് വിനായക് ദത്ത്. മകൻറെ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം.