പ്രിൻസിപ്പലിന്റ വാട്സ്‌ആപ് സന്ദേശം ചോർന്നു: ജോബ് ഫെസ്റ്റില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

 


വടകര: വടകര മോഡല്‍ പോളിടെക്നിക് കോളജില്‍ സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് ഉദ്യോഗാർഥികളെ കൊണ്ട് വീർപ്പുമുട്ടി, ഒഴുകിയെത്തിയത് ആയിരങ്ങള്‍.

വിനയായി പ്രിൻസിപ്പലിന്റെ വാട്സ്‌ആപ് സന്ദേശം. കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പോളി ടെക്നിക്കും സംയുക്തമായാണ് ശനിയാഴ്ച ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 

ഫെസ്റ്റിന്റെ പ്രചാരണത്തിന്റ ഭാഗമായി തയാറാക്കിയ ബ്രോഷറിനൊപ്പം പോളി ടെക്നിക് കോളജ് പ്രിൻസിപ്പലിന്റ വോയ്സ് സന്ദേശവുമുണ്ടായിരുന്നു. 

ഏതു പ്രായത്തിലുള്ളവർക്കും വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവില്‍ പങ്കെടുക്കാമെന്നും വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നുമായിരുന്നു സന്ദേശം. വിവരമറിഞ്ഞ് അതി രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാർഥികള്‍ മോഡല്‍ പോളിടെക്നിക് കോളജിലേക്ക് ഒഴുക്കായിരുന്നു. 

ഗ്രൗണ്ടില്‍ ഉദ്യോഗാർഥികളെ ഉള്‍ക്കൊള്ളാനാവാതെ കോളജ് കെട്ടിടത്തിന്റ ഒന്നാംനിലയിലേക്ക് വരെ ആളുകള്‍ നിറഞ്ഞു. തൊഴിലുറപ്പ് ജോലികള്‍ മാറ്റിവെച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരും എത്തിയിരുന്നു. 

സ്വകാര്യ ബസുകളില്‍ നിന്നു തിരിയാൻ ഇടമില്ലാത്ത തിരക്കായിരുന്നു. സ്ഥലത്തെത്തിയവർക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാൻ പോലും അധികൃതർക്കായില്ല. 

സ്വീപ്പർ പോസ്റ്റ് മുതല്‍ ഉന്നത ജോലി വരെ പ്രതീക്ഷിച്ചെത്തിയവർ എന്തു ചെയ്യണമെന്നറിയാതെ പ്രകോപിതരാവുകയും സങ്കടം ഉള്ളിലൊതുക്കി പ്രതികരിക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് കോളജിനകത്ത് കയറിയത്. 

ഇടവഴി റോഡുകളിലടക്കം വാഹനങ്ങളെയും ഉദ്യോഗാർഥികളെയുംകൊണ്ട് നിറഞ്ഞതിനാല്‍ ഇതു വഴിയുള്ള കാല്‍ നടയും ദുഷ്കരമായിരുന്നു. 

ഇതിനിടെ ഓണ്‍ലൈൻ മാധ്യമങ്ങളില്‍ പ്രിൻസിപ്പലിന്റെ ക്ഷമാപണം വന്നു. കോളജിലെ അധ്യാപകർ ഉള്‍പ്പെടെയുള്ളവർക്ക് ജോബ് ഫെസ്റ്റിന്റെ പ്രചാരണത്തിന് നല്‍കിയ സന്ദേശം ചോർന്നതാണെന്നും ബുദ്ധിമുട്ട് അനുഭവിച്ചവരോട് ക്ഷമ ചോദിക്കുന്നെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. കൃത്യമായ വിവരം നല്‍കാതെ ഉദ്യോഗാർഥികളെ വലച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

വളരെ പുതിയ വളരെ പഴയ