കൊല്ലം: കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതിമാർ അറസ്റ്റിലായി.
ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടക്കത്തില്‍ തന്നെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു ആദികൃഷ്ണനെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടില്‍ സന്ദേശം അയച്ചതിനെ ചൊല്ലി മകനെ ഇരുവരും
വിടുകയറി മർദ്ദിച്ചെന്നായിരുന്നു പരാതി. ഇവർ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികള്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പിന്നീട് ഇവർ ഒളിവില്‍ പോയി. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.