ദേശീയ പാതയിലെ കുരുക്കഴിയുന്നതായി വിലയിരുത്തല്‍ ; വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിലെ ഗതാഗത പരിഷ്‌കാരം തുടങ്ങി


കണ്ണൂർ : വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിലെ ഗതാഗത പരിഷ്‌കാരം വെള്ളിയാഴ്ച നിലവില്‍ വന്നതോടെ ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിയുന്നതായി വിലയിരുത്തല്‍.

വൈകീട്ട് ആറ് മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തില്‍ കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പോലീസും ആർടിഒയും പങ്കെടുത്ത യോഗത്തിലാണ് സാധാരണയായി രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാവാറുള്ള വളപട്ടണം പാലത്തിന് മുകളിലും പുതിയതെരുവിലും പാപ്പിനിശ്ശേരി പാലത്തിലും കുരുക്ക് അഴിയുന്നതായി വിലയിരുത്തിയത്.

പരിഷ്‌കാരം അനുസരിച്ച്‌ കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വളപട്ടണം പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴിയാണ് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നത്. 

കണ്ണൂർ ഭാഗത്തു നിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ളത് പോലെ കെഎസ്ടിപി റോഡ് വഴി തന്നെ പോകുന്നു. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ദേശീയ പാതയിലൂടെ നേരെ വണ്‍വേ ആയി കണ്ണൂരിലേക്ക് പോകാം.

തളിപ്പറമ്പില്‍ നിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങള്‍ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡില്‍ കയറി കെഎസ്ടിപി റോഡ് വഴി പോകുന്നു. പഴയങ്ങാടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൻസ് റോഡ് വഴി ചുങ്കത്ത്‌ നിന്ന് ദേശീയപാതയിലേക്ക് കയറണം. 

നിലവില്‍ ജനുവരി എട്ട് വരെ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌കാരം നടപ്പിലാക്കാനാണ് തീരുമാനം. തുടർന്ന് ഇത് നിരന്തരമായി വിലയിരുത്തി, വിജയമാണെങ്കില്‍ തുടരും.

രാവിലെ ഏഴ് മണി മുതല്‍ ഗതാഗതം വഴി തിരിച്ചു വിടുന്നതിനുള്ള സൂചനാ ബോർഡുകളും ഡിവൈഡറുകളും എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതിനാല്‍ ആശയക്കുഴപ്പം ഇല്ലാതെ പരിഷ്‌കാരം നടപ്പിലാക്കാനായി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ്‌എച്ച്‌ഒ ടിപി സുമേഷ് തുടങ്ങിയവർ നേതൃത്വം നല്‍കി

വളരെ പുതിയ വളരെ പഴയ