വയനാട്: വയനാട്ടില്‍ വീണ്ടും ലഹരി വേട്ട. കർണാടകയില്‍ നിന്ന് കടത്തി കൊണ്ടു വന്ന 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും എക്സൈസ് പിടികൂടി.
തോല്‍പ്പെട്ടി ചെക് പോസ്റ്റില്‍ ഇന്ന് പുലർച്ചെയായിരുന്നു പരിശോധന. സ്വകാര്യ ബസിലെ പാർസലില്‍ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ കടത്താൻ ശ്രമിച്ചത്.
A 1 ട്രാവല്‍സിൻ്റെ പാർസല്‍ അറയില്‍ കാർഡ് ബോർഡ് പെട്ടിയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പെട്ടിക്ക് മുകളില്‍ ജിപിഎസ് സംവിധാനവും ഘടിപ്പിച്ചിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം 18.27 കിലോഗ്രാം കഞ്ചാവുമായി തിരുവനന്തപുരത്ത് ദമ്ബതികള്‍ പിടിയിലായിരുന്നു. സംഭവത്തില്‍ മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത്, ഭാര്യ വിളവൂർക്കല്‍ മലയം സ്വദേശി സുമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കിടപ്പു മുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
ബാലരാമപുരം സ്വദേശിയില്‍ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചു. ന്യൂഇയർ ലക്ഷ്യമിട്ടുള്ള കഞ്ചാവ് വില്‍പനയ്ക്കാണ് പൂട്ടുവീണത്. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ മാല മോഷണം അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ വിജയകാന്ത് എന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ റിമാൻഡിലാണ്.