2024 ഡിസംബര്‍ 31ന് സര്‍ക്കാര്‍ പുറത്തിറക്കിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ തീ പിടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അതിന് പ്രധാന കാരണം ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉണ്ട് എന്ന ഒറ്റ കാരണത്താലാണ്.
ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത യതീഷ് ചന്ദ്ര അവധിയിലായിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി ആയാണ് ഇപ്പോള്‍ അദ്ദേഹത്തിന് നിയമനം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളും കോഴിക്കോട് റൂറല്‍ ജില്ലയും അധികാര പരിധിയില്‍ വരുന്ന തസ്തികയാണിത്.
ജെ ജയനാഥ്, ദേബേഷ് കുമാര്‍ ബെഹ്‌റ, ഉമ ബെഹ്‌റ, രാജ്പാല്‍ മീണ എന്നീ ഡി.ഐ.ജിമാര്‍ക്ക് ഐജിമാരായും ഉദ്യോഗ കയറ്റം ലഭിച്ചിട്ടുണ്ട്. യതീഷ് ചന്ദ്രയ്ക്ക് ഒപ്പം ഉദ്യോഗ കയറ്റം ലഭിച്ച ഹരിശങ്കര്‍ തൃശൂര്‍ റെയ്ഞ്ചിലും കെ കാര്‍ത്തിക് വിജിലന്‍സിലും തുടരും.
ടി നാരായണ്‍ കോഴിക്കോട് കമ്മീഷണറായി തുടരും. ഒരേ സമയം കര്‍ക്കശക്കാരനായും ജനകീയനായുമായ പൊലീസ് ഉദ്യോഗസ്ഥനായാണ് യതീഷ് ചന്ദ്ര അറിയപ്പെടുന്നത്. തൃശൂര്‍ പൂരം കലക്കല്‍ വിവാദം ആളിക്കത്തുകയും അന്നത്തെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്ത ഘട്ടത്തില്‍ യതീഷ് ചന്ദ്ര തൃശൂര്‍ കമ്മിഷണര്‍ ആയിരുന്ന ഘട്ടത്തില്‍ പൂര പ്രേമികളുടെ ആവേശത്തിനൊപ്പം ചേര്‍ന്ന് നടത്തിയ ആവേശ പ്രകടനം സോഷ്യല്‍ മീഡിയകളില്‍ റീ പോസ്റ്റ് ചെയ്താണ് കേരള പൊലീസ്.
പൊലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നത്. യതീഷ് ചന്ദ്രയെ മറ്റ് ഓഫീസര്‍മാര്‍ കണ്ട് പഠിക്കണമെന്ന അടികുറുപ്പോടെ ഇതേ വീഡിയോ പൂര പ്രേമികളും വ്യാപകമായി പങ്കുവെയ്ക്കുകയുണ്ടായി.
കേന്ദ്ര മന്ത്രിയോടും കടുപ്പിച്ച ഐ.പി.എസ് വീര്യം
ശബരിമലയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്ത പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട്, ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് തിരിച്ച് ചോദിച്ച യതീഷ് ചന്ദ്രയുടെ നടപടി ഏറെ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരുന്നത്.
മന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് ബി.ജെ.പി ശക്തമായി രംഗത്ത് വരികയും പാര്‍ലമെന്റിലടക്കം ഈ വിഷയം കത്തിക്കയറുകയും ചെയ്തിരുന്നു.
ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന പ്രതിച്ഛായയാണ് ഇവിടെയും അദ്ദേഹത്തിന് തുണയായത്.
ആലുവ റൂറല്‍ എസ്പിയായിരിക്കെ സി.പി.എം നടത്തിയ ഉപരോധ സമരത്തിന് നേരെ അങ്കമാലിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്രയുടെ മുഖം ആദ്യമായി മാധ്യമങ്ങളില്‍ നിറഞ്ഞത്. അന്ന് സി.പി.എം ഓഫീസിനകത്ത് വരെ കയറി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലിസ് മര്‍ദ്ദിച്ചിരുന്നു.
കൊച്ചി ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ പുതു വൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതും വലിയ വിവാദമായ സംഭവമാണ്.
ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ ഹാജരായി തന്റെ നിലപാട് വിശദീകരിക്കവേ, അലന്‍ എന്ന ബാലന്‍ തന്നെ മര്‍ദിച്ചത് ഡിസിപിയാണെന്ന് വ്യക്തമാക്കിയതും പിന്നീട് വലിയ വാര്‍ത്തയായി. കണ്ണൂര്‍ എസ്പിയായിരിക്കെ ലോക്ഡൗണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങിയവരെ ഏത്തമിടുവിച്ചും യതീഷ് ചന്ദ്ര ശ്രദ്ധേയനായി.
കര്‍ണാടകയിലെ ഡാബന്‍ഗാരേയാണ് യതീഷ് ചന്ദ്രയുടെ സ്ഥലം. 2011 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര കണ്ണൂര്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോഴിക്കോട് റൂറല്‍ എസ്പിയായി. കുഴല്‍പ്പണ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് അപ്പോഴാണ്.
കണ്ണൂരിലെ കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആയിട്ടായിരുന്നു അടുത്ത നിയമനം. പിന്നീട് എറണാകുളം റൂറല്‍ എസ്പിയായും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറായും ക്രൈംബ്രാഞ്ച് എസ്പിയായും തൃശൂര്‍ റൂറല്‍ എസ്പിയായും കണ്ണൂര്‍ എസ്പിയായും സേവനമനുഷ്ഠിച്ചു.