ഓർക്കാട്ടേരി : ടൗണിലെ ഗതാഗതക്കുരുക്ക് ഒരിക്കലും തീരുന്നില്ല. തിരക്കേറിയ ടൗണിൽ പ്രധാന ഭാഗത്തു തന്നെയാണ് കാർത്തികപ്പള്ളി, ഏറാമല, വൈക്കിലശ്ശേരി റോഡുകൾ കെ.എസ്.ഇ.ബി. റോഡ് എന്നിവയെല്ലാം വന്നു ചേരുന്നത്.
ഇവിടെ നിന്നെല്ലാം വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കുമ്പോൾ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഒന്നുമില്ല. ഈ റോഡുകളിലും മെയിൻ റോഡിലും ഓട്ടോറിക്ഷ സ്റ്റാൻഡുകളുമുണ്ട്.
ലോറിയടക്കമുള്ള വലിയ വാഹനങ്ങൾ ചരക്കിറക്കുന്നതിനായി അങ്ങാടിയിൽ നിർത്തിയിടുന്നതും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി ടൗണിൽ പാർക്കു ചെയ്യുന്നതും ഗതാഗത തടസ്സത്തിന് കാരണമാവുന്നു.
വർഷങ്ങൾ കാത്തിരുന്ന് റോഡും ടൗണും വീതി കൂട്ടിയെങ്കിലും ഈ പ്രശ്നത്തിന് പരിഹാരമാവുന്നില്ല. സ്കൂൾ സമയത്ത് ദീർഘ നേരം ഗതാഗതം തടസ്സപ്പെടുന്നു. ഇത് സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും ഇടയാക്കുന്നു. വടകരയ്ക്കും നാദാപുരത്തിനുമിടയിലെ ഏറ്റവും തിരക്കേറിയ ടൗണാണ് ഓർക്കാട്ടേരി.
ഇവിടത്തെ ഗതാഗതക്കുരുക്കഴിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.