കണ്ണൂർ: വളപട്ടണം കവർച്ചക്കേസില്‍ പൊലീസ് കണ്ടെടുത്ത പണവും സ്വർണവും കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ ട്രഷറിയിലേക്ക് മാറ്റി.
പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 1.21 കോടി രൂപയും 267 പവൻ സ്വർണവും വളപട്ടണം പൊലീസ് ബുധനാഴ്ച കണ്ണൂർ മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാൻഡിലുള്ള പ്രതി മുണ്ടച്ചാലി ലിജേഷിനെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് അപേക്ഷ നല്‍കി. വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ പി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ലിജേഷ് പണവും സ്വർണവും കവർന്നത്.
ലിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ ലോക്കറില്‍ നിന്നാണ് പണവും സ്വർണവും പൊലീസ് കണ്ടെടുത്തത്. നവംബർ 19ന് വീടു പൂട്ടി കുടുംബവുമൊത്ത് അഷ്റഫും കുടുംബവും മധുരയില്‍ വിവാഹത്തിന് പോയപ്പോഴായിരുന്നു കവർച്ച.
15 മാസം മുമ്പ് കീച്ചേരിയിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും ലിജേഷാണെന്ന് തെളിഞ്ഞിരുന്നു. ഈ കേസില്‍ തൊണ്ടി മുതല്‍ കണ്ടെത്തേണ്ടതുണ്ട്. 11.5 പവൻ സ്വർണവും നാലര ലക്ഷം രൂപയുമാണ് അന്ന് മോഷണം പോയത്. ലിജേഷിനെ കീച്ചേരിയിലെ കേസിലും പ്രതി ചേർത്ത് അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തും.
വളപട്ടണത്ത് നഷ്ടപ്പെട്ട സ്വർണവും പണവും വിചാരണയ്ക്കു മുമ്പ് ലഭ്യമാക്കണമെന്ന് ഉടമ അഷ്റഫ് കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ നടപടി പൂർത്തിയാക്കി കൈമാറും. ഇതിന് ഒരു മാസമെങ്കിലുമെടുക്കും.
