Zygo-Ad

നവീൻ ബാബുവിന്റെ മരണം; പോലീസ് അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ. വേണ്ടെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ.

അന്വേഷണം ശരിയായ ദിശയിലാണെന്നും അതുകൊണ്ടുതന്നെ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. ഇക്കാര്യം നാളെ (വെള്ളി) സർക്കാർ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകള്‍. 

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. നാളെയാണ് ഹൈക്കോടതി ഈ ഹർജി പരിഗണിക്കുന്നത്. 

എല്ലാ തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണമാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. തുടർന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിച്ചായിരിക്കും അന്വേഷിക്കുകയെന്നുമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് സംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയില്‍ സമർപ്പിക്കും. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും പരിഗണിച്ച്‌ കേസ് സി.ബി.ഐക്ക് വിടണമോയെന്ന് കോടതിയായിരിക്കും തീരുമാനിക്കുക.

ഒക്ടോബർ 16-ന് പുലർച്ചെയായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീൻ ബാബുവിനെ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹ പ്രവർത്തകർ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമർശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ