കോഴിക്കോട്: പോലീസിനെ വട്ടം കറക്കി ജയിലില്‍ നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഒടുവില്‍ വലയില്‍. ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്‍റെ ഓടിളക്കി ചാടി രക്ഷപ്പെട്ട പ്രതിയെ കണ്‍ട്രോള്‍ റൂം പോലീസാണ് പിടി കൂടിയത്. പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടിൽ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹിൽ അത്താണിക്കലിൽ വെച്ച് പിടി കൂടിയത്.
പോലീസ് കൺട്രോൾ റൂമിൽ രാത്രി 7.45-ഓടെയാണ് അജ്ഞാതന്റെ ടെലിഫോൺ സന്ദേശമെത്തിയത്. ജയിൽ ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ അത്താണിക്കൽ അങ്ങാടിയിൽ മാസ്‌ക് ധരിച്ച് ഉണ്ടെന്നതായിരുന്നു സന്ദേശം. ഉടൻ തന്നെ ആ ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാൾ ഓടി.
പതിനഞ്ചു മിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാർ ഷോറൂമിന് പിന്‍വശത്തു വച്ച് പിടികൂടി.
പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച ജയില്‍ വരാന്തയില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുന്ന തക്കത്തില്‍ ഇയാള്‍ രണ്ടാം നിലയിലെ കെട്ടിടത്തിലെ ഓടു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.
