കോഴിക്കോട് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ എലത്തൂർ ഡിപ്പോയില്‍ ഇന്ധന ചോർച്ച. വൈകിട്ട് നാല് മണി മുതലാണ് ഇന്ധന ചോർച്ചയുണ്ടായത്.
സാങ്കേതിക പ്രശ്നമാണ് ഇന്ധന ചോർച്ചയ്‌ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. നാല് മണി മുതല്‍ ഡീസല്‍ ചോർച്ചയുണ്ടെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും വൈകിട്ട് ആറ് മണിയോടെയാണ് ചോർച്ച കണ്ടെത്തിയത്.
ഇന്ധനം നിറയ്‌ക്കുന്ന ടാങ്ക് ഓവർ ഫ്ലോ ആയതാണ് ചോർച്ചയ്‌ക്ക് കാരണമായത്. ഓവർ ഫ്ലോ ആവുന്നത് അറിയിക്കാനുള്ള അപായ മണി സംവിധാനം തകരാറിലായതോടെ ഇത് അറിയാതെ വന്നു. ഈ സംവിധാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനിടയിലും ടാങ്ക് നിറഞ്ഞു കൊണ്ടിരുന്നു. ഇതോടെ ഇന്ധനം അമിതമായി പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
ഓവു ചാലുകളിലേക്ക് ഒഴുകിയ ഡീസല്‍ നാട്ടുകാർ കുപ്പികളില്‍ ശേഖരിക്കാൻ തുടങ്ങി. മുൻകരുതല്‍ നടപടിയുടെ ഭാഗമായി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
600-700 ലിറ്റർ ഡീസല്‍ പുറത്ത് പോയതായും നിലവില്‍ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം എലത്തൂർ ഡിപ്പോ മാനേജർ ബിനില്‍ പറഞ്ഞു. അലാറം പ്രവർത്തിക്കാത്തതാണ് ഇന്ധന ചോർച്ചയ്‌ക്ക് കാരണമായത്. ടാങ്ക് ലെവല്‍ റീഡിംഗ് മെയിന്റൈൻസ് നടക്കുകയായിരുന്നു. ഇനി ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ പ്ലാന്റിന്റെ ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോര്‍ച്ച ഗുരുതര പ്രശ്നം, പരിഹരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാർ. വിഷയത്തില്‍ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിന് കാരണം കമ്പനിയുടെ മെക്കാനിക്-ഇലക്‌ട്രിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഇത് പരിഹരിക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു.
ഇന്ധന ചോർച്ചയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെയടക്കം വെള്ളം മലിനമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
എച്ച്‌പിസിഎല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തേണ്ടിയിരുന്നെന്നും ചോർച്ച കണ്ടെത്താൻ വൈകിയിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായേനെ എന്നും പ്രദേശത്തെ ജലാശയങ്ങളും മണ്ണും കമ്ബനി വൃത്തിയാക്കണമെന്നും കലക്ടർ പറഞ്ഞു. സംഭവത്തില്‍ ഫാക്ടറീസ് ആക്‌ട് പ്രകാരം ഹിന്ദുസ്ഥാൻ പെട്രോളിയത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും കലക്ടർ പറഞ്ഞു.

