കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന തെരുവുനായ ശല്യത്തിന് പ്രായോഗികമായ പരിഹാരം കാണുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ തദ്ദേശ സ്ഥാപനം ചെയ്യേണ്ട നടപടികള്‍ അവരും റെയില്‍വേ ചെയ്യേണ്ട കാര്യങ്ങള്‍ റെയില്‍വേയും ചെയ്യണം. സർക്കാർ തലത്തില്‍ ചെയ്യേണ്ട നടപടികള്‍ കൂടിയാലോചനയിലൂടെ സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ സ്‌റ്റേഷൻ പരിസരത്തു നിന്ന് യാത്രക്കാരെ കടിച്ച നായ്ക്കള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിഷയം യോഗം ചർച്ച ചെയ്തത്. ജില്ലയില്‍ പടിയൂരില്‍ മാത്രമാണ് തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനിമല്‍ ബർത്ത് കണ്‍ട്രോള്‍ (എബിസി) കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പ്രവർത്തനത്തിന് കോർപറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് നല്‍കുന്നുണ്ട്.
യോഗത്തില്‍ അറിയിച്ച മറ്റുകാര്യങ്ങള്‍,
തീരുമാനങ്ങള്‍: ആറളം ഫാമിലെ ആനമതില്‍ നിർമ്മാണത്തിന് വേഗം പോരെന്നും തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂർത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. മതിലിനായി മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ സാമൂഹിക വനവത്കരണ വിഭാഗം എത്രയും വേഗം പൂർത്തീകരിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു. മരം മുറിക്കുന്നതിന് പകരമായി ആറളം ഫാമില്‍ വൃക്ഷത്തൈകള്‍ നടുമെന്ന് ആറളം ഫാം എംഡി അറിയിച്ചു.
ആറളം ഫാമില്‍ ഭൂമിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന, വീടോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാത്തവർക്ക് ഭൂമി കൈമാറാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആവശ്യപ്പെട്ടു. തെരഞ്ഞെടുത്ത, ഭൂരഹിതരും അഞ്ച് സെൻറില്‍ താഴെ ഭൂമിയുള്ളവരുമായ 197 പേരുടെ ഹിയറിംഗ് പൂർത്തീകരിച്ചതായി ഐ.ടി.ഡി.പി എപിഒ അറിയിച്ചു. പ്ലോട്ട് മാറി താമസിക്കുന്ന 83 പേരുടെ പ്ലോട്ട് പരിശോധന പൂർത്തീകരിച്ചു. ഈ രണ്ട് കേസുകളിലും നടപടികള്‍ പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.
ജില്ലയിലെ 17 ഉന്നതികളില്‍ ഹാബിറ്റാറ്റ് മുഖേന നടപ്പിലാക്കുന്ന അംബേദ്കർ സെറ്റില്‍മെൻറ് പദ്ധതികളില്‍ പ്രവൃത്തി ഇതുവരെ തുടങ്ങുക പോലും ചെയ്യാത്ത പയ്യന്നൂർ മണ്ഡലത്തിലെ എയ്യങ്കല്ലില്‍ ഹാബിറ്റാറ്റിനെ ഒഴിവാക്കി പഞ്ചായത്തിനെ പ്രവൃത്തി ഏല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
ടി.ഐ മധുസൂദനൻ എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അംബേദ്കർ സെറ്റില്‍മെറ്റ് പദ്ധതിയില്‍ പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് കോളനിയില്‍ ഹാബിറ്റാറ്റ് ചെയ്ത പ്രവൃത്തികളില്‍ പല അപാകതകള്‍ ഉള്ളതായും ഗുണഭോക്താക്കള്‍ക്ക് കൃത്യമായ ഗുണ ഫലം ലഭ്യമാവാത്തതായി ബോധ്യപ്പെട്ടതായും തദ്ദേശ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. അംബേദ്കർ സെറ്റില്‍മെന്റ് പദ്ധതികള്‍ വിശദമായി പരിശോധിച്ച് ഡിസംബർ 15 ഓടെ റിപ്പോർട്ട് ചെയ്യാൻ കലക്ടർ നിർദേശിച്ചു.
കണ്ണൂർ തോട്ടട നടാല്‍ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും അടച്ചു കൊണ്ടാണ് ദേശീയ പാത അതോറിറ്റി പുതിയ റോഡ് നിർമ്മാണം നടത്തുന്നതെന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാൻ കർശന നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ദേശീയ പാത അതോറിറ്റി അധികൃതരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും പ്രശ്ന പരിഹാരം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
