പയ്യന്നൂർ: പയ്യന്നൂർ സബ് റീജ്യനല്‍ ആർ.ടി ഓഫീസ് പയ്യന്നൂർ കെഎസ്‌ആർടിസി കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടികള്‍ സർക്കാറിന്റെ പരിഗണനയിലാണെന്ന് ആർടിഒ അറിയിച്ചു. സ്വന്തം ഭൂമിയില്‍ പൈപ്പിംഗ് പ്രതിഭാസം നേരിട്ട ജോയ് വടക്കുന്നേല്‍ സെബാസ്റ്റിയന് പുനരധിവാസത്തിന് 2023 ജൂലൈയില്‍ റവന്യു വകുപ്പ് മന്ത്രി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം ഇതു വരെ ലഭ്യമായിട്ടില്ലെന്ന് ടിഐ മധുസൂദനൻ എംഎല്‍എ പറഞ്ഞു.
ആറാട്ടുകടവില്‍ ആന ചവിട്ടിക്കൊന്നയാള്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്നും എംഎല്‍എ ഉന്നയിച്ചു. പയ്യന്നൂരിലെ നിർമ്മാണം പൂർത്തിയായ താലൂക്ക് ഓഫീസ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും ഫർണിച്ചറുകള്‍ ലഭ്യമാവാത്തതിനാല്‍ ഓഫീസുകള്‍ മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതിക്കായി ചപ്പാരപ്പടവിലെ കിണർ നിർമ്മാണത്തിന് ടെൻഡർ കഴിഞ്ഞതായി യോഗത്തില്‍ വാട്ടർ അതോറിറ്റി അറിയിച്ചു. അതിന്റെ തുടർനടപടികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
രാമന്തളിയില്‍ മരിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടിയന്തിര സഹായമായി 75,000 രൂപ വീതം അനുവദിച്ചതായി റവന്യു വകുപ്പ് അറിയിച്ചു. രണ്ട് ലക്ഷം രൂപ സഹായത്തിനായാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്
