ജനങ്ങള്‍ക്ക് സർക്കാരിനോടുണ്ടായിരുന്ന എതിർപ്പുകള്‍ മറികടക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള തെറ്റ് തിരുത്തല്‍ നടപടികളിലൂടെ മഹായുതിക്ക് സാധിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജനങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു സാധാരണക്കാരെ കൈയിലെടുത്തത്.
ലഡ്കി ബഹൻ യോജനയാണ് ഇതില്‍ പ്രധാനം. വീണ്ടും അധികാരത്തിലെത്തിയാല്‍ 2,100 രൂപയായി ഇത് ഉയർത്തുമെന്നും അവർ വാഗ്ദാനം നല്‍കി. ലഡ്ക ബാഹു യോജന, 44 ലക്ഷം കർഷകർക്ക് വൈദ്യുതി സൗജന്യമാക്കിയതെല്ലാം മഹായുതിയെ സഹായിച്ചു.
മുംബൈ തീരദേശ പാതയും മുബൈ മെട്രോയുടെ വിപുലീകരണവും അടക്കം നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ചൂണ്ടിയും മഹായുതി വോട്ടു ചോദിച്ചു. ഇതിനെല്ലാം പുറമെയായിരുന്നു ആർ.എസ്.എസ്. നേരിട്ടിറങ്ങിയുള്ള പ്രചാരണം. ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവാതിരിക്കാനുള്ള നീക്കങ്ങളെല്ലാം അവർ നടത്തി. വീടുകള്‍ കയറി പ്രചാരണം നടത്തിയ ആർ.എസ്.എസ് വോട്ട് എങ്ങനെ ചെയ്യണമെന്ന സന്ദേശം വോട്ടർമാർക്ക് നല്‍കി.
വോട്ടു വിഭജിക്കാതിരിക്കാനുള്ള ആഹ്വാനങ്ങള്‍ അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ ദേശീയ നേതാക്കള്‍ നേരിട്ട് ഉച്ചത്തില്‍ തന്നെ നടത്തി. വിഭജിക്കപ്പെട്ടാല്‍ തകരുമെന്നും ഒന്നിച്ചു നിന്നാല്‍ സുരക്ഷിതമാണെന്നും മോദിയും യോഗിയും അടക്കമുള്ള നേതാക്കള്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ ഓർമിപ്പിച്ചു.
60,000-ത്തിലേറെ ചെറുയോഗങ്ങളാണ് ആർ.എസ്.എസ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്. ബി.ജെ.പി. വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നുവെന്ന് അവർ ഉറപ്പു വരുത്തി. പോളിങ്ങിലെ അഞ്ചു ശതമാനം വർധന ഇതേത്തുടർന്നാണെന്നാണ് പറയപ്പെടുന്നത്.
ആധികാരിക മുന്നേറ്റം
എല്ലാ മേഖലകളിലും വ്യക്തമായ മേല്‍ക്കൈയ്യോടെ ആധികാരികമാണ് മഹായുതിയുടെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പടിഞ്ഞാറൻ മഹാരാഷ്ട്രയിലും കർഷക പ്രശ്നങ്ങള്‍ സജീവചർച്ചയായ മഹാരാഷ്ട്രയിലും 50 ശതമാനത്തിലേറെ വോട്ടാണ് മഹായുതി നേടിയത്.
ശിവസേനയ്ക്കും ബി.ജെപിക്കും ഒരുപോലെ സ്വാധീനമുള്ള കൊങ്കണ്‍ മേഖലയിലും മഹായുതി പകുതിയിലേറെ വോട്ടു വിഹിതം നേടി. 75 സീറ്റുകളുള്ള കൊങ്കണ്‍ മേഖലയില്‍ 27 ഇടത്ത് ശിവസേനകള്‍ തമ്മിലായിരുന്നു നേരിട്ട് മത്സരം. 17 ഇടത്ത് ഉദ്ധവ് ശിവസേനയും ബി.ജെ.പിയും ഏറ്റുമുട്ടി. 14 ഇടത് ദേശീയ പാർട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം.
അഞ്ചിടത്ത് വീതം ബി.ജെ.പിയും പവാറിന്റെ എൻ.സി.പിയും, എൻ.സി.പികള്‍ പരസ്പരവും മത്സരിച്ചു. 58 സീറ്റുള്ള പടിഞ്ഞാറൻ മഹാരാഷ്ട്രയില്‍ 20 ഇടത്ത് ശരദ് പവാറും അനന്തരവൻ അജിത് പവാറും തമ്മിലായിരുന്നു മത്സരം. പിന്നാക്ക വിഭാഗങ്ങളും പട്ടികജാതി വർഗ്ഗക്കാരും നിർണായകമായ മേഖലയാണ് വടക്കൻ മഹാരാഷ്ട്ര. ഇവിടെയും മുന്നേറ്റം നടത്താൻ ബി.ജെ.പിക്കായി.
രണ്ടു മുന്നണികളിലായി നിന്നിരുന്ന ആറു പാർട്ടികള്‍ തമ്മിലായിരുന്നു മഹാരാഷ്ട്രയിലെ മത്സരം. ഇതില്‍ രണ്ടു ഭാഗത്തുമായി ഒരേ പ്രത്യയ ശാസ്ത്ര പാരമ്പര്യം പേറുന്ന നാലു പാർട്ടികള്‍. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ നാടകീയ സംഭവഭങ്ങളെത്തുടർന്നാണ് ശിവസേനയും എൻ.സി.പിയും പിളർന്ന് നാലായി മാറിയത്. തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിട്ട ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി പിരിഞ്ഞു.
എൻ.സി.പിയും ശിവസേനയും കോണ്‍ഗ്രസും ഒന്നിച്ചതോടെ സ്ഥിരതയുള്ള സർക്കാരുണ്ടായി. എന്നാല്‍, അതിനേയും പൊളിച്ച് ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തി. ആദ്യം ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയേയും പിന്നീട് അജിത് പവാറിന്റെ നേതൃത്വത്തില്‍ എൻ.സി.പിയേയും പിളർത്തി.
അഞ്ചു വർഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയ്ക്ക് ഉണ്ടായിരുന്നത്. പിളർത്തിയവർക്കെതിരെ ഉയർത്തിയ വികാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമായെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്തുന്നതില്‍ ഉദ്ധവും ശരദ് പവാറും പരാജയപ്പെട്ടു. ഇരുവരുടേയും രാഷ്ട്രീയ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയിരിക്കുന്നത്.
