തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.പി.
ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ഇന്നലെ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണയുടെ മൊബൈല്‍ ഫോണ്‍ റിക്കാര്‍ഡിംഗ് സംഭവം ശ്രദ്ധയില്‍പെട്ട ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മൊബൈല്‍ പിടിച്ചെടുത്തു.
മുൻകൂർ ജാമ്യഹർജിയില്‍ വാദം തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് വരയുള്ള ഷർട്ടിട്ടയാളുടെ കൈയില്‍നിന്നു മൊബൈല്‍ വാങ്ങാൻ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനു നിർദേശം നല്‍കിയത്. ഉടന്‍തന്നെ പോലീസ് ഉദ്യാഗസ്ഥൻ അദ്ദേഹത്തില്‍നിന്നും മൊബൈല്‍ വാങ്ങി. മാധ്യമ പ്രവർത്തകരാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരായാലും റിക്കാര്‍ഡിംഗ് അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കി.
ആരു റിക്കാര്‍ഡ് ചെയ്താലും അവരെ പിടിച്ച് പുറത്താക്കാൻ ആവർത്തിച്ച് പറഞ്ഞ കോടതി തുടർന്ന് മാധ്യമ പ്രവർത്തകർ ഉള്‍പ്പെടെ മറ്റുള്ളവരെയെല്ലാം പുറത്താക്കാനും മൈക്കിലൂടെ വാദം തുടരാനും നിര്‍ദേശിച്ചു.
ഈ സംഭവങ്ങള്‍ അരങ്ങേറിയതോടെ കുറച്ചു സമയം വാദം നിലച്ചു. വൈകുന്നേരം അഞ്ചോടെ പിടിച്ചെടുത്ത മൊബൈല്‍ കോടതി ഉടമയ്ക്ക് തിരിച്ചുനല്‍കി. അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉള്‍പ്പെടെ തിങ്ങിനിറഞ്ഞ കോടതിയിലാണ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയില്‍ മൂന്നു മണിക്കൂർ പത്ത് മിനിറ്റ് നീണ്ട വാദം നടന്നത്.
സാധാരണ കേസുകള്‍ വിളിച്ചശേഷം 11.19നാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണനയ്‌ക്കെത്തിയത്. ഈ സമയം നവീൻ ബാബുവിന്‍റെ അഭിഭാഷകനായ അഡ്വ. ജോണ്‍ എസ്. റാല്‍ഫ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം അഡ്വ. പി.എം. സജിത കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. 20 മിനിറ്റിനകം ജോണ്‍ എസ്. റാല്‍ഫ് എത്തുമെന്ന വിവരവും അഡ്വ. സജിത കോടതിയോട് പറഞ്ഞു.
തുടർന്ന് കെ. വിശ്വൻ വാദം തുടങ്ങി. ഉച്ചയ്ക്ക് ഒന്നോടെ വിശ്വന്‍റെ വാദം അവസാനിച്ചു. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് വാദിക്കുകയും പിന്നീട് ഉച്ചഭക്ഷണത്തിന് കോടതി പിരിയുകയും ചെയ്തു.
ഉച്ചയ്ക്ക് 2.30ന് കോടതി ചേരുകയും ജോണ്‍ എസ്. റാല്‍ഫ് ഒരു മണിക്കൂർ വാദം നടത്തുകയും ചെയ്തു. തുടർന്നാണ് ഹർജി വിധി പറയുന്നതിനായി 29ലേക്ക് മാറ്റിയത്.