കണ്ണൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ മഴ സംബന്ധിച്ച് പ്രധാനപ്പെട്ട മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. കേരളതീരത്ത് ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് നിർദ്ദേശമുണ്ട്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടകരമാണ്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ മുൻകരുതലുകൾ സ്വീകരിച്ച് ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.