മുണ്ടക്കൈ-ചൂരൽമല ദുരന്തം: ധനസഹായം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി.

 


കേരളം: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ ധനസഹായം സംബന്ധിച്ച ചോദ്യങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിചിത്രവാദവുമായി രംഗത്തെത്തി. കാര്യങ്ങൾ സംസ്ഥാനസർക്കാരിനോട് ചോദിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ലെന്നും ധനസഹായം അനുവദിക്കുന്നതിൽ കാലതാമസം ഇല്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പിന്നാലെ കേരളം ആവശ്യപ്പെട്ട അധിക ധനസഹായത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ കഴിഞ്ഞദിവസം കേന്ദ്രം 145.60 കോടി രൂപ പ്രളയസഹായം അനുവദിച്ചു. ഇത് സംസ്ഥാന ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതമായിരുന്നു. 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്. ഇതിൽ മഹാരാഷ്ട്രയ്ക്ക് മാത്രം 1492 കോടി രൂപ അനുവദിച്ചു.

രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ധനസഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പ്രഖ്യാപനം വൈകുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്. അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമാകുന്നത്.

വളരെ പുതിയ വളരെ പഴയ