എൻ സി സി യുടെ അന്തർദേശീയ പരിപാടിയായ യൂത്ത് എക്‌സ്ചേഞ്ച് പ്രൊഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തലശ്ശേരി എഞ്ചിനീറിങ്ങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്ങ് ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായ ആകാംഷ് എസ് അശോക് പങ്കെടുക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള 13 അംഗ സംഘത്തിലെ ഏക മലയാളിയാണ് തലശ്ശേരി സ്വദേശിയായ ആകാംഷ്. നിരവധി ക്യാമ്പുകളിൽ പങ്കെടുത്ത് ഒരുപാട് കടമ്പകൾ കടന്നാണ് അദ്ദേഹത്തിന് വൈ ഇ പി സെലക്ഷൻ ലഭിക്കുന്നത്.
ഈ വർഷം ജനുവരി 26 ന് ഡൽഹിയിൽ നടന്ന എൻ സി സി റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും, പ്രൈം മിനിസ്റ്റർ റാലിയിൽ വെച്ച് വെങ്കല മെഡലും കൾച്ചറൽ പ്രോഗ്രാമിൽ വെള്ളി മെഡലും അദ്ദേഹം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തിൽ ദേശീയ തലത്തിൽ നടന്ന യുവജനോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന് ഗിറ്റാറിൽ വെള്ളി മെഡലും ലഭിച്ചിട്ടുണ്ട്.
മറ്റു രാജ്യങ്ങളിലെ യുവജന സംഘടനകളുമായി ഇടപഴകാൻ നമ്മുടെ രാജ്യത്തെ എൻ സി സി കേഡറ്റുകൾക്ക് അവസരം നൽകുന്ന പരിപാടിയാണ് വൈ ഇ പി. ഈ വർഷം ആഗസ്റ്റ് 5 മുതൽ 14 വരെ വിയറ്റ്നാമിൽ വച്ചാണ് പ്രോഗ്രാം നടക്കുന്നത്.
ഒരു എൻ സി സി കേഡറ്റിനെ സംബന്ധിച്ചു ഏറ്റവും വലിയ ഒരു നേട്ടമാണ് വൈ ഇ പി യിൽ പങ്കെടുക്കുന്നത് വഴി അദ്ദേഹം നേടിയെടുത്തത്. 15 ലക്ഷം പേർ അടങ്ങുന്ന ഇന്ത്യയിലെ എൻ സി സി കേഡറ്റുകളിൽ ഒരു വർഷം 150 പേർക്ക് മാത്രമേ ഈ അവസരം ലഭിക്കാറുള്ളൂ.
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് അദ്ദേഹം എൻ സി സി യിൽ ആദ്യമായി ചേർന്നത്. പിന്നീട് എഞ്ചിനീയറിങ് പഠനത്തിനായി തലശ്ശേരി എഞ്ചിനീയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ബിടെക് പഠനത്തിനായി ചേർന്നു. രണ്ടാം വർഷം ആണ് അവിടെ എൻ സി സി യുണിറ്റ് ആരംഭിക്കുന്നത്.
ആദ്യ ബാച്ചിൽ അംഗമായ ഒരു കേഡറ്റ് തന്നെ റിപ്പബ്ലിക്ക് ദിന ക്യാമ്പിലും തുടർന്ന് വൈ ഇ പി യിലും പങ്കെടുക്കുക എന്നത് കോളേജിനെ സംബന്ധിച്ചു ശ്രദ്ധേയമായ നേട്ടമാണ്. കേരളാ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി യിലെ ആദ്യത്തെ വൈ ഇ പി കാഡറ്റ് ആണ് ആകാംഷ്.
ഭാവിയിൽ ഇന്ത്യൻ കര സേനയിൽ കമ്മീഷൻഡ് ഓഫീസർ ആകണം എന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പ്രവേശനം ലഭിക്കാനുള്ള സി ഡി എസ് പരീക്ഷക്ക് വേണ്ടി ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
പെരുന്താറ്റിൽ താമസിക്കുന്ന ഷാനി, അശോകൻ ദമ്പതികളുടെ മകൻ ആണ് ആകാംഷ്. സഹോദരൻ ആത്മർഷ് എസ് അശോക്.
