കണ്ണൂർ :സാർവജനിക ഗണേശോത്സവം വയനാട് ദുരന്ത പശ്ചാത്തലത്തിൽ പരിമിതപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
വിവിധ ക്ഷേത്രങ്ങൾ, ഗ്രാമ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരം കേന്ദ്രീകരിച്ച് ആയിരുന്നു ഗണേശോത്സവം നടത്താറുള്ളത്.
സെപ്റ്റംബർ എഴ്, എട്ട്, ഒൻപത് തീയതികളിലാണ് ഗണേശോത്സവം. ഗണേശ സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗണപതി പൂജ, പ്രഭാഷണങ്ങൾ, അന്നദാനം എന്നിവ നടക്കും. ഒൻപതിന് നടക്കുന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ ആർഭാടങ്ങളൊന്നും ഉണ്ടാകില്ല.
വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഗണേശ വിഗ്രഹങ്ങൾ താളിക്കാവിൽ കേന്ദ്രീകരിച്ച് നഗരംചുറ്റി രാത്രി എഴിന് പയ്യാമ്പലത്ത് നിമജ്ജനം ചെയ്യും. പരിപാടിയിൽ നിന്നും സമാഹരിക്കുന്ന തുക വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഗണേശ സേവാ കേന്ദ്രം പ്രസിഡണ്ട് കെ വി ജയരാജൻ, സെക്രട്ടറി കെ വി സജീവൻ, കൺവീനർ പ്രജിത്ത് പള്ളിക്കുന്ന്, രാഗേഷ് ആയിക്കര, പി ആർ രാജൻ എന്നിവർ പങ്കെടുത്തു.
