തലശ്ശേരി: സർക്കാർജോലി സ്വപ്നം കാണുന്നവർക്ക് ആശ്രയമായി തലശ്ശേരി ജനമൈത്രി പോലീസിന്റെ സൗജന്യ പി എസ് സി പരിശീലനം . 11 വർഷത്തിനിടയിൽ തലശ്ശേരിയിൽ 120 പേർക്ക് സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമായി
പോലിസ് ശിക്ഷണത്തിൽ ആദ്യം ജോലിയിൽ പ്രവേശിച്ചത് പൊയിലൂർ സ്വദേശി ജോഷ്‌നയാണ്. അഞ്ചുമാസത്തെ പരിശീലത്തിനുശേഷം നടന്ന പരീക്ഷയിൽ റാങ്ക് പട്ടികയിലിടം നേടിയ ജോഷ്ന ഇപ്പോൾ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറാണ്. ഏറ്റവും ഒടുവിൽ ശ്രീനിലയ്ക്കാണ് അടുത്തിടെ കരിയാട് ഹോമിയോ ഡിസ്പെൻസറിയിൽ ജോലി ലഭിച്ചത്. ഇവിടെ പരിശീലനം ലഭിച്ചവർ ഡി.ജി.പി. ഓഫീസിലും എസ്.പി. ഓഫീസിലും ജോലിയിൽ പ്രവേശിച്ചു.
എക്സൈസ്, ബാങ്ക്, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പുകളിലും ജോലി ലഭിച്ചവരുണ്ട്. തലശ്ശേരി എ.സ്.പി. ഓഫിസ് വളപ്പിലുള്ള ജനമൈത്രി റിസോഴ്സ് സെന്റർ ആൻഡ് ലൈബ്രറി കെട്ടിടത്തിലാണ് പരിശീലനം. ധാരാളം റഫറൻസ് പുസ്തകങ്ങൾ വളപ്പിലുള്ള ജനമൈത്രി റിസോഴ്സ് സെന്റർ ആൻഡ് ലൈബ്രറി കെട്ടിടത്തിലാണ് പരിശീലനം. ധാരാളം റഫറൻസ് പുസ്‌തകങ്ങൾ ലൈബ്രറിയിലുണ്ട്. പരിശീലനത്തിന് ആവശ്യമായ പഠനസഹായികൾ സൗജന്യമായി കിട്ടും.
തലശ്ശേരി എസ്.ഐ. ബിജു ജോൺ ലൂക്കോസ്, ജനമൈത്രി പോലീസ് കമ്യൂണിറ്റി റിലേറ്റീവ് ഓഫീസറായിരുന്ന വ്രജനാഥ് എന്നിവരുടെ നേതൃത്വത്തിൽ
2013 ജനുവരി ഒന്നിനായിരുന്നു സംരംഭത്തിന് തുടക്കം കുറിച്ചത്.പോലീസ് സേനയ്ക്ക് അകത്തുള്ള അധ്യാപകരാണ് തുടക്കത്തിൽ ക്ലാസെടുത്തത്.
ജോലിഭാരം പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസ് നടത്താൻ കഴിയാത്ത അവസ്ഥയ്ക്കിടയാക്കിയപ്പോൾ പുറത്തു നിന്നുള്ള അധ്യാപകരെ കൊണ്ടുവന്ന് ക്ലാസ്സ് നടത്തി. ആദ്യ വർഷം തന്നെ മികച്ച ഫലം ലഭിച്ചു.
ആഴ്ചയിൽ ആറ് ദിവസം രാവിലെ 9.30 മുതൽ ഒരുമണിവരെയാണ് പരിശീലനം. ഏറ്റവും ഒടുവിൽ നടന്ന എൽ.ഡി. ക്ലാർക്ക് പരീക്ഷയ്ക്ക് 14 പേർ പരിശീലനം നേടി. രഞ്ജിത്ത്, കെ.വി. പ്രദീപൻ, വി.പി. ബാബു, വിനയൻ, രഖിലേഷ്, രഞ്ജിത്ത്കുമാർ, അഷറഫ്, സുമിത്ത്, റൈജു, അജിത്ത് എന്നിവരാണ് ക്ലാസെടുക്കുന്നത്. പരിശീലനത്തിലൂടെ ജോലി ലഭിച്ചവരും ക്ലാസെടുക്കാനെത്താറുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത്കുമാർ, എ.എസ്.പി. കെ.എസ്. ഷഹൻഷ, പോലീസ് ഇൻസ്പെക്‌ടർ വിനു തോമസ്, എസ്.ഐ. വി.വി. ദീപ്‌തി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
പ്രതീഷ്കുമാർ എ.എസ്.പി.യായിരുന്നപ്പോൾ ആദിവാസി സൗഹൃദ പദ്ധതിയിൽ കണ്ണവത്തുനിന്ന് ആദിവാസി യുവാക്കളെ തലശ്ശേരിയിലെത്തിച്ച് പരിശീലനം നൽകി. 15 പേർക്ക് സർക്കാർജോലി ലഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പൊതുവിജ്ഞാന ക്ലാസ് തുടങ്ങും. സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസും തുടങ്ങാൻ ഉദ്ദേശ്യമുണ്ട്.തികച്ചും സൗജന്യമായാണ് പരിശീലനം. വിപുലമായ ലൈബ്രറി സൗകര്യമുണ്ട്. പരിശീലനത്തിലൂടെ 120 ഉദ്യോഗാർഥികൾക്ക് ഇതുവരെ ജോലി ലഭിച്ചുവെന്ന് എ.എസ്.പി. കെ.എസ്. ഷഹൻഷ പറഞ്ഞു.