2023 വർഷത്തെ മത്സ്യ ലഭ്യതയിൽ 1.09 ലക്ഷം ടണ്ണിന്റെ കുറവ് വന്നതായി സർക്കാരിന്റെ കണക്ക്. 2022--23 വർഷത്തിൽ 6.90 ലക്ഷം ടൺ മത്സ്യം ലഭിച്ച സംസ്ഥാനത്ത് 2023-24 വർഷം ഇത് 5.81 ലക്ഷം ടണ്ണിൽ ഒതുങ്ങി.ഇതിന് മുമ്പുള്ള വർഷങ്ങളിലും ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികളുടെ ഇഷ്ടപ്പെട്ട മീനുകളിൽ പലതും വൻതോതിൽ കുറയുന്നത് മത്സ്യബന്ധനമേഖലയിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും അത്യുഷ്ണവുമെല്ലാമാണ് മത്സ്യത്തിന്റെ ലഭ്യത കുറയുവാനുള്ള കാരണമായി വിദഗ്ധർ വിലയിരുന്നത്. ഈ വർഷവും സ്ഥിതി മോശമാകാനാണ് സാദ്ധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു. കേരളത്തിലേക്ക് കൂടുതലും മത്സ്യമെത്തിക്കുന്ന തമിഴ്നാട്ടിലും കർണാടകത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സ്യലഭ്യതയിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനവും പറയുന്നു.സീസണുകളിൽ ലഭിക്കേണ്ട മത്സ്യത്തിന്റെ നാലിലൊന്ന് പോലുമില്ലാത്ത അവസ്ഥയിൽ മത്സ്യതൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. അനുബന്ധ മേഖലയിലെ തൊഴിലാളികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷം- ലഭിച്ച മത്സ്യം (ടൺ)
2023-24 5.81 ലക്ഷം
2022-23 6.90 ലക്ഷം
2021-22 6.01 ലക്ഷം
2020-21 3.91ലക്ഷം
2019-20 4.75 ലക്ഷം
2018-19 6.09 ലക്ഷം
2017-18 4.87 ലക്ഷം
ഇഷ്ടമീനുകളും കുറഞ്ഞു
മുൻകാലങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന അയല, മത്തി, നെത്തോലി, ചെമ്പല്ലി, ചൂര, എന്നിവയുടെ ലഭ്യതയിലും വലിയ ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്. 2022-23 വർഷം 102084 മെട്രിക് ടൺ അയല ലഭിച്ചിരുന്നിടത്ത് 2023-2024 വർഷത്തിൽ 34546 മെട്രിക് ടൺ ആയി കുറഞ്ഞു. 2022-23 വർഷം 136946 മെട്രിക് ടൺ മത്തി ലഭിച്ചിരുന്നിടത്ത് 2023-24 വർഷം 115322 മെട്രിക് ടണ്ണായും കുറഞ്ഞു.
വില്ലനായി കടൽപ്രതിഭാസങ്ങൾ
ആഗോളതാപനത്തിന്റെ ഭാഗമായ ഉഷ്ണപ്രവാഹം കടലിൽ തുടർച്ചയായി രൂപപ്പെടുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നതായി മത്സ്യ ഗവേഷണകേന്ദ്രങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കടലിലെ താപനില 1.2 ഡിഗ്രിയോളമാണ് വർദ്ധിച്ചത്. ഇരുന്നൂറു മുതൽ 250 വരെ തവണ ചൂടുകാറ്റും വീശി. ന്യൂനമർദവും കള്ളക്കടൽ പ്രതിഭാസവും പലതവണയുണ്ടായ ഈ വർഷം മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കരയിൽ നിന്നുണ്ടാകുന്ന കാർബൺഡയോക്‌സൈഡിന്റെ 26 ശതമാനം കടലാണ് വലിച്ചെടുക്കുന്നത്. ഇതോടൊപ്പം പുറന്തള്ളുന്ന മീഥും ചേരുമ്പോൾ വെള്ളത്തിലെ അമ്ലാംശം വർദ്ധിക്കും. ഉപരിതല മത്സ്യങ്ങളുടെ നിലനിൽപ്പിനെ ഇത് പ്രതികൂലമായി ബാധിക്കും. കടലിൽ പുറന്തള്ളുന്ന പ്ലാസ്റ്റിക്കും മറ്റ് വിഷപദാർത്ഥങ്ങളും മത്സ്യങ്ങളുടെ പ്രജനനത്തെയും തടസപ്പെടുത്തുന്നു.