കണ്ണൂർ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷനിലെ മുണ്ടയാട് ഭാഗത്ത് നിർമ്മിച്ച സർവീസ് റോഡിന്റെ ഉയരവുമായി ബന്ധപ്പെട്ടും കോർപ്പറേഷനിലെ ഇ എം എസ് റോഡുമായി ബന്ധപ്പെട്ടും പ്രദേശവാസികളും ജനപ്രതിനിധികളും ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്താൻ തീരുമാനം. ദേശീയപാത വികസന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവലോകനം ചെയ്യുവാൻ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോർപ്പറേഷനിലെ മുണ്ടയാട് ഭാഗത്തെ ദേശീയപാതയുടെ സർവീസ് റോഡിന്റെ ഉയരക്കൂടുതൽ കാരണം സർവീസ് റോഡിൽ നിന്ന് സമീപത്തെ വീടുകളിലേക്ക് പ്രവേശിക്കുന്നതിന് പ്രയാസമുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് സംയുക്ത പരിശോധന നടത്തി പരിഹാരം കാണാൻ തീരുമാനിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ എൻ എച്ച് എ ഐ, കെ എസ് ഇ ബി ഉദ്യോഗസ്ഥരും കണ്ണൂർ കോർപ്പറേഷന്റെ പ്രതിനിധികളും അടങ്ങുന്ന സംഘമായിരിക്കും പരിശോധന നടത്തുക.
കണ്ണൂർ കോർപ്പറേഷനിലെ ഇ എം എസ് റോഡ് ദേശീയപാതയുടെ സർവീസ് റോഡുമായി ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ എം എസ് റോഡ് അടച്ചിരിക്കുകയാണ്. കൂടാതെ ഈ റോഡിന് സർവീസ് റോഡിനെക്കാളും ഉയരക്കുറവുമാണ്. ഈ ആവശ്യങ്ങൾ പരിശോധിക്കാനാണ് സംയുക്ത പരിശോധന നടത്തുക.
കുഞ്ഞിമംഗലം, ചെറുതാഴം ഗ്രാമപഞ്ചായത്തുകളിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഓട നിർമ്മാണം താമസിക്കുന്നതു മൂലം കുടിവെള്ള വിതരണ പൈപ്പുകൾ ഇടുന്നതിന് താമസമുണ്ടാകുന്നതായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിന്റെ ശ്രദ്ധയിൽ പെടുത്തി. സെപ്റ്റംബറിൽ തന്നെ വാട്ടർ അതോറിറ്റിക്ക് പൈപ്പ് ഇടേണ്ട ഭാഗങ്ങളിലെ ഓട നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാർ കമ്പനിയുടെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ഓരോ വകുപ്പും ചെയ്യാനുള്ള പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, ഡെപ്യൂട്ടി കലക്ടർ (ഡി എം) കെ വി ശ്രുതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
#tag:
കണ്ണൂർ