വയനാട് ദുരന്തം: ’17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല; സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി’; മുഖ്യമന്ത്രി.


വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരും ജനപ്രതിനിധികളുമായി ചർച്ച ചെയ്യും. അതിനായി ചീഫ് സെക്രട്ടറിയേ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചു പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതർക്കായി 75 സർക്കാർ ക്വർട്ടേഴ്‌സുകൾ വാസയോഗ്യമാക്കി. 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു. മാറി താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടു. കൂടുതൽ വീടുകൾ കണ്ടെത്താൻ കാര്യമായ തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തഭൂമിയിൽ നിന്ന് 179 മൃതദ്ദേഹങ്ങൾ ഇത് വരെ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച 59 പേരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തിര ധനസഹായം നൽകുകയും ചെയ്തു. ദുരിതം തകർത്ത മേഖലയെ തിരിച്ചു കൊണ്ടു വരാൻ ബാങ്കുകളുടെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിഭാഗം പേരും ലോണുകൾ എടുത്തവരാണ്. ദുരന്തത്തിൽ കൃഷി ഭൂമികൾ ഉൾപ്പടെ നശിച്ചു. അനേകം പേർ ഒറ്റപ്പെട്ടുപോയി. ഈ സാഹചര്യത്തിൽ ലോണുകൾ എഴുതി തള്ളണമെന്ന ആവശ്യം ബാങ്കേഴ്സ് യോഗത്തിൽ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച ഇഎംഐകൾ അതാത് ബാങ്ക് അകൗണ്ടുകളിലേക്ക് തിരിച്ചടയ്ക്കണമെന്ന് ബാങ്കേഴ്സ് കമ്മിറ്റി ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ ലോണുകൾ നിബന്ധനകൾ ലഘുഊകരിച്ചു വേഗത്തിൽ നൽകാനുള്ള തീരുമാനവും കൈക്കൊള്ളും. ഈടുകൾ ഇല്ലാതെ 25000 രൂപ വരെ ലോണുകൾ നൽകാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിനായി നമ്മൾ ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ ഊർജവും പ്രചോദനവും നൽകാൻ ഓണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓണാക്കാലത്തു സർക്കാർ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും ബാക്കിയെല്ലാം മുറ പോലെ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ