യാത്രയ്ക്കൊരുങ്ങും മുൻപ്വാഹനപരിശോധന: യാത്രയ്ക്ക് മുൻപ് വാഹനം പരിശോധിക്കണം. പഴക്കമുള്ളതും തേയ്മാനം വന്നതുമായ ചക്രങ്ങൾ മാറ്റുകയും ആവശ്യത്തിന് മർദം പരിശോധിക്കുകയും വേണം. ബ്രേക്ക്, ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ്ബ്രേക്ക്, ആക്സിലേറ്റർ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കണം
വേഗത്തിന് വേണം പൂട്ട്: മഴക്കാലത്ത് റോഡിൽ തെന്നിവീഴാൻ സാധ്യത കൂടുതലായതിനാൽ വേഗം നിയന്ത്രിക്കണം. നനവുള്ള നിരത്തിൽ ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കാൻ കൂടുതൽ ദൂരം എടുക്കുന്നതിനാൽ വേഗം കുറയ്ക്കണം. റോഡിലെ വെള്ളക്കെട്ടും ചെളിയും ശ്രദ്ധിക്കണം. അമിതവേഗവും മറികടക്കലും ഒഴിവാക്കണം.സുരക്ഷിതമായ അകലം പാലിക്കുക: മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കരുത്. മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം.ഹെഡ്‌ലൈറ്റ് തെളിക്കണം: മഴക്കാലത്ത് റോഡിലെ സുരക്ഷാ മുന്നറിയിപ്പുകൾ പെട്ടെന്ന് കാണാനും മറ്റു യാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കാനും ഇത് സഹായിക്കും. ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓൺ സംവിധാനമുള്ളതിനാൽ പുതിയ ഇരുചക്രവാഹനങ്ങളിൽ എല്ലായ്‌പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. ഹൈബീം എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുമെന്നതിനാൽ ലൈറ്റ് ഡിം ചെയ്യണം. ഫോഗ്‌ലൈറ്റ് ഉപയോഗിക്കുന്നതും അപകടം ഒഴിവാക്കാൻ സഹായിക്കും.
വളവുകളിൽ ധൃതിവേണ്ട: പെട്ടെന്ന് നിർത്തുന്നതും വേഗത്തിൽ വാഹനങ്ങൾ വളച്ചെടുക്കുന്നതും ഒഴിവാക്കുക. വളവുകൾ മുൻകൂട്ടി കാണാനായുള്ള നാവിഗേഷൻ സംവിധാനം ഉപയോഗിച്ച് വേഗം ക്രമീകരിക്കണം.വെള്ളക്കെട്ടിൽ വാഹനമിറക്കരുത്: ഒഴുക്കുള്ളതും ആഴമുള്ളതുമായ വെള്ളക്കെട്ടിൽ വാഹനമിറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മഴക്കോട്ട് മതി കുട വേണ്ടാ: ഇരുചക്ര വാഹനയാത്രക്കാർ മഴക്കാലത്ത് പരമാവധി ശ്രദ്ധയാകർഷിക്കുന്ന നിറങ്ങളുള്ള മഴക്കോട്ടുകൾ ഉപയോഗിക്കണം. കുടപിടിച്ചുള്ള ഇരുചക്രവാഹന യാത്ര അപകടം ക്ഷണിച്ചുവരുത്തും. ഡ്രൈവ് ചെയിൻ, മെക്കാനിക്കൽ ബ്രേക്ക് ലിങ്കുകൾ എന്നിവ കൃത്യമായി ലൂബ്രിക്കേറ്റ് ചെയ്യുക.മൈക്രോഫൈബർ തുണി വേണം: മഴത്തുള്ളികൾ വിൻഡ്ഷീൽഡിൽ തട്ടുന്നത് പലപ്പോഴും മൂടൽമഞ്ഞ് പോലെ വന്ന് കാഴ്ച മറയ്ക്കും. അത് മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടച്ചുമാറ്റാം.സഹായമേകണം: റോഡിൽ ആരെങ്കിലും അപകടത്തിൽപെട്ടാൽ അവരെ സഹായിക്കണം. പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് എന്നീ അത്യാവശ്യ നമ്പറുകൾ സ്പീഡ് ഡയലിൽ ഉറപ്പാക്കണം.
